ഗവിയിൽ അങ്കണവാടി ജീവനക്കാരിയുടെ മരണം കൊലപാതകം; പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു
പത്തനംതിട്ട ∙ ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. കേസിൽ പിടിയിലായ ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാർ കുറ്റം സമ്മതിച്ചു. രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
വാക്കുതർക്കത്തിനിടെ യുവതിയെ പിടിച്ചുതള്ളിയപ്പോൾ തല കല്ലിലിടിച്ച് മരണം സംഭവിച്ചെന്നാണ് പ്രതിയുടെ മൊഴി. യുവതിയെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ബാലാത്സംഗം നടത്തിയിട്ടില്ലെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ കുമളി വള്ളക്കടവ് ചെക്ക്‌പോസ്റ്റിന് സമീപത്തുനിന്നാണ് വണ്ടിപ്പെരിയാർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. രാവിലെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെ യുവതിയെ കണ്ടെന്നും സംസാരത്തിനിടെ വാക്കുതർക്കമുണ്ടായെന്നും ഇയാൾ പറഞ്ഞു.
ദൃക്‌സാക്ഷി നൽകിയ വിവരമാണ് കേസിൽ നിർണായകമായത്. പ്രതികളിൽ ഒരാൾ കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായി ദൃക്‌സാക്ഷി പൊലീസിനെ അറിയിച്ചിരുന്നു. വള്ളക്കടവ് ചെക്ക്‌പോസ്റ്റിൽ ബസ് തടഞ്ഞാൽ പ്രതിയെ പിടികൂടാനാകുമെന്നും ഇയാൾ സൂചന നൽകിയിരുന്നു. നാലുപേർ ചേർന്ന് യുവതിയെ വനത്തിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയതായും ദൃക്‌സാക്ഷി ആദ്യം പൊലീസിനെ അറിയിച്ചിരുന്നു.
ഗവിയിലെ മീനാർ മൂന്ന് ഷെഡ് വളവിന് സമീപത്തുനിന്നാണ് 32-കാരിയായ അങ്കണവാടി ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടിൽനിന്ന് അങ്കണവാടിയിലേക്ക് പോയ യുവതി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടിൽ വസ്ത്രങ്ങൾ കീറിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
What's Your Reaction?



