സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; 11 മരണം, 273 ദുരിതാശ്വാസ ക്യാമ്പുകളിൽ 7,674 പേർ

Aug 2, 2026 - 22:35
Aug 2, 2026 - 22:35
 0
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; 11 മരണം, 273 ദുരിതാശ്വാസ ക്യാമ്പുകളിൽ 7,674 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ ഇതുവരെ 11 പേർ മരിച്ചതായി റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നിലവിൽ 273 ദുരിതാശ്വാസ ക്യാമ്പുകളിലായി 7,674 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലായാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ക്യാമ്പുകളിൽ ഭക്ഷണം, കുടിവെള്ളം, വൈദ്യസഹായം, ശുചിത്വ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ആകെ 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മഴ ശമിക്കുന്നതോടെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർമാർക്ക് ഇതിനാവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ഒരേസമയം നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലവർഷക്കെടുതിയിൽ ഇതുവരെ 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കുമുള്ള സർക്കാർ ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow