ഗാങ്‌ടോക്ക്: സിക്കിമിൽ കനത്ത മണ്ണിടിച്ചിൽ. സിക്കിമിലെ യാങ്താങ് മേഖലയിലെ അപ്പർ റിമ്പിയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 4 മരണങ്ങൾ റിപ്പോർട്ടു ചെയ്തു. മൂന്ന് പേരെ കാണാതായി.
യാങ്താങിലെ അപ്പർ റിമ്പിയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലുമാണ് ദുരന്തകാരണം. വെള്ളപ്പൊക്കമുണ്ടായ ഹ്യൂം നദിക്ക് കുറുകെ താൽക്കാലിക മരക്കൊമ്പ് പാലം നിർമിച്ച് രക്ഷാപ്രവർത്തകർ പരുക്കേറ്റ രണ്ട് സ്ത്രീകളെ ദുരിതബാധിത പ്രദേശത്ത് നിന്നും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
പരിക്കേറ്റവരെ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്. നദി കരകവിഞ്ഞ് വീടുകളെല്ലാം വെള്ളത്തിലായി. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് സിക്കിമിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്.