കേരളത്തിൽ പോളിംഗ് 79.63 ശതമാനം; സുതാര്യത ഉറപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
സ്ത്രീകൾ വോട്ട് രേഖപ്പെടുത്തുന്നതിൽ മുന്നിലുണ്ട് (81.19%). പുരുഷന്മാർ 75.19 ശതമാനവും ട്രാൻസ്‌ജെൻഡർ വിഭാഗം 56.04 ശതമാനവും വോട്ട് രേഖപ്പെടുത്തി
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ.വി.എം, തപാൽ, ഹോം വോട്ടുകൾ ഉൾപ്പെടെ നിലവിൽ 79.63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ അറിയിച്ചു. വോട്ടെടുപ്പ് വിവരങ്ങൾ പുറത്തുവിടുന്നതിലെ സുതാര്യത ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് നൽകിയ കത്തിന് പിന്നാലെയാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്.
നിലവിലുള്ള കണക്കുകൾ പ്രിസൈഡിംഗ് ഓഫീസർമാർ രേഖപ്പെടുത്തിയതാണെന്നും സർവീസ് വോട്ടുകൾ കൂടി എണ്ണിക്കഴിയുമ്പോഴേ അന്തിമ ശതമാനം വ്യക്തമാകൂ എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇ.വി.എമ്മുകൾ വഴി രേഖപ്പെടുത്തിയത് 78.27 ശതമാനം വോട്ടുകളാണ്. തപാൽ വോട്ടുകൾ 1.36 ശതമാനവും. ഇവ രണ്ടും ചേർത്താണ് നിലവിലെ 79.63 ശതമാനം കണക്കാക്കിയിരിക്കുന്നത്.
സ്ത്രീകൾ വോട്ട് രേഖപ്പെടുത്തുന്നതിൽ മുന്നിലുണ്ട് (81.19%). പുരുഷന്മാർ 75.19 ശതമാനവും ട്രാൻസ്‌ജെൻഡർ വിഭാഗം 56.04 ശതമാനവും വോട്ട് രേഖപ്പെടുത്തി. മുതിർന്ന പൗരന്മാർ (96.3%), ഭിന്നശേഷിക്കാർ (97.71%), അത്യാവശ്യ സർവീസ് വിഭാഗം (94.24%), തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർ (96.37%) എന്നിങ്ങനെ തപാൽ വോട്ടുകളിൽ ഉയർന്ന പങ്കാളിത്തമാണ് ദൃശ്യമായത്.
ആകെ ലഭിച്ച 53,984 സർവീസ് വോട്ടുകളിൽ എത്രയെണ്ണം പോൾ ചെയ്തു എന്നതിനെ ആശ്രയിച്ചിരിക്കും അന്തിമ ശതമാനം. വോട്ടെണ്ണലിന് ശേഷം മാത്രമേ ഈ കണക്ക് പൂർണ്ണമാകൂ. വോട്ടിംഗ് വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയിട്ടുണ്ടെന്നും അന്തിമ കണക്കുകൾ വന്ന ശേഷം ഇൻഡക്സ് കാർഡ് പുറത്തിറക്കുമെന്നും രത്തൻ യു കേൽക്കർ അറിയിച്ചു.
What's Your Reaction?