സൈഡ് നൽകാത്തത് ചോദ്യം ചെയ്തു; യുവാവിനെ കാറിടിപ്പിച്ച് കൊന്നു; സിഐഎസ്എഫ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

ഐവിനെ ബോണറ്റിൽ കയറ്റി ഒരു കിലോമീറ്റർ ദൂരം കാര്‍ ഓടിച്ചു കൊണ്ടുപോയെന്നാണ് വിവരം

May 15, 2025 - 11:53
May 15, 2025 - 11:54
 0  15
സൈഡ് നൽകാത്തത് ചോദ്യം ചെയ്തു;  യുവാവിനെ കാറിടിപ്പിച്ച് കൊന്നു; സിഐഎസ്എഫ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ
കൊച്ചി: നെടുമ്പാശ്ശേരിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് എഫ്ഐആര്‍. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടക്കുന്നത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം എന്നാണ് പുറത്തുവരുന്ന വിവരം. 
 
സംഭവത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. സിഐഎസ്എഫ് എസ് ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.  ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ്  ഐവിന്‍ മരിച്ചതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
 
ഐവിൻ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. സൈഡ് കൊടുക്കുന്നതിനിടെ ഇരുവരുടെയും വാഹനങ്ങൾ പരസ്പരം ഉരസിയിരുന്നു.തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കവും തുടർന്ന്  കൈയാങ്കളിയിലും എത്തിയിരുന്നു. 
 
ഇതോടെ ഐവിന്‍ ഫോണിൽ വീഡിയോ ചിത്രീകരിക്കാൻ തുടങ്ങി. ഇതിൽ പ്രകോപിതനാക്കിയ ഉദ്യോഗസ്ഥൻ വാഹനം മുന്നോട്ടെടുത്തു എന്നാണ് പൊലീസ് വിശദമാക്കുന്നത്.  ഐവിനെ ബോണറ്റിൽ കയറ്റി ഒരു കിലോമീറ്റർ ദൂരം കാര്‍ ഓടിച്ചു കൊണ്ടുപോയെന്നാണ് വിവരം. പിന്നീട് സഡൻ ബ്രേക്കിട്ട് നിലത്ത് വീഴ്ത്തിയെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. എസ് ഐ വിനയകുമാറാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്.
 
 

What's Your Reaction?

like

dislike

love

funny

angry

sad

wow