കെ.എസ്.ആര്‍.ടി.സി. സമരം: കൊട്ടാരക്കര ഡിപ്പോയിലെ 9 ബസുകൾക്ക് ഇലക്ട്രിക് തകരാർ

Feb 4, 2025 - 16:08
Feb 4, 2025 - 18:12
 0  9
കെ.എസ്.ആര്‍.ടി.സി. സമരം:  കൊട്ടാരക്കര ഡിപ്പോയിലെ 9 ബസുകൾക്ക് ഇലക്ട്രിക് തകരാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. ബസ് സമരം പുരോഗമിക്കുന്നതിനിടെ കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസുകളില്‍ കേടുപാടുകള്‍ വരുത്തി. പത്ത് കെ.എസ്.ആര്‍.ടി.സി. ബസുകളുടെ വയറിങ് കിറ്റ് അടക്കം നശിപ്പിച്ചതായാണ് കണ്ടെത്തിയത്. അഞ്ച് ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളുടെ വയറിങ് കിറ്റും സ്റ്റാര്‍ട്ടര്‍ കേബിളുകളും ഹെഡ് ലൈറ്റും അടക്കമാണ് നശിപ്പിച്ചതായി കണ്ടെത്തിയത്. ആറ് ബസുകളുടെ തകരാറുകള്‍ പരിഹരിച്ച് സര്‍വീസ് നടത്തിയെങ്കിലും ആദ്യസര്‍വീസ് മുടങ്ങിയത് വന്‍ നഷ്ടമായി. 

സംഭവത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍ അന്വഷണത്തിന് ഉത്തരവിടുകയും കൊട്ടാരക്കര പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങള്‍ നശിപ്പിച്ചുകൊണ്ടുള്ള ഇത്തരം സമരങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണെന്ന് സിഐടിയു അറിയിച്ചു. 

'ഇന്നത്തെ സമരം പൊളിഞ്ഞു പാളീസായി. ജീവനക്കാർ തന്നെ എത്ര സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണിത്. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കേസെടുക്കും. ഇന്ന് ജോലിക്കെത്തിയ മുഴുവൻ ജീവനക്കാരോടും മന്ത്രി എന്ന നിലയിൽ നന്ദി പറയുന്നു. പ്രാകൃത സമരങ്ങൾ അനുവദിക്കില്ല. ജനങ്ങളോടാണ് വാശി കാണിക്കുന്നത്. നഷ്ട പരിഹാരത്തിന് കെ.എസ്.ആർ.ടി.സി. എംടി സമരാഹ്വാനം നടത്തിയവർക്ക് നോട്ടീസ് നൽകും. 6.3 ശതമാനത്തിൻ്റെ കുറവ് മാത്രമാണ് കെ.എസ്.ആർ.ടി.സി. സർവീസ് ഉണ്ടായിട്ടുള്ളത്. ആന വണ്ടിയെന്ന ജനങളുടെ വികാരം വലുതാണ്. അത് നിലനിൽക്കണം'- മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.

ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) ആണ് സമരം ആഹ്വാനം ചെയ്തത്. കഴിഞ്ഞ അര്‍ധരാത്രി മുതല്‍ ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക് ആഹ്വാനം ചെയ്തത് 12 പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.എസ്.ആര്‍.ടി.സി. സമരം. അതേസമയം, തിരുവനന്തപുരം ഉൾപ്പെടെ പലയിടത്തും സമരാനുകൂലികൾ ബസ് തടഞ്ഞു. തമ്പാനൂരിൽ സമരക്കാർ ബസ് തടഞ്ഞെങ്കിലും പ്രതിഷേധിച്ചവരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റി സർവീസ് സുഗമമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow