കട്ടപ്പന നഗരസഭയിൽ ബി.ജെ.പിയിലും എൽ.ഡി.എഫിലും ദമ്പതിമാർ സ്ഥാനാർഥികൾ
20-ാം വാർഡ് കട്ടപ്പന വെസ്റ്റിൽ നിലവിലെ കൗൺസിലർ കൂടിയായ കേരള കോൺഗ്രസ് എമ്മിന്റെ ജാൻസി ബേബിയാണ് എൽഡിഎഫ് സ്ഥാനാർഥി.
ഇടുക്കി: കട്ടപ്പന നഗരസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ രണ്ട് ദമ്പതിമാരാണ് സ്ഥാനാർഥികളായി ജനവിധി തേടുന്നത്. കട്ടപ്പന നഗരസഭയായതിന് ശേഷം ആദ്യമായാണ് ദമ്പതിമാർ ഒരുമിച്ച് മത്സരരംഗത്ത് എത്തുന്നത്. കൂടാതെ, ഇതിൽ ഒരാൾ സിറ്റിങ് കൗൺസിലർ ആണെന്ന പ്രത്യേകതയുമുണ്ട്.
20-ാം വാർഡ് കട്ടപ്പന വെസ്റ്റിൽ നിലവിലെ കൗൺസിലർ കൂടിയായ കേരള കോൺഗ്രസ് എമ്മിന്റെ ജാൻസി ബേബിയാണ് എൽഡിഎഫ് സ്ഥാനാർഥി. 17-ാം വാർഡ് കട്ടപ്പന ടൗണിൽ ഭർത്താവ് ബേബി കുര്യനാണ് സ്ഥാനാർഥി. കേരള കോൺഗ്രസ് എം സ്ഥാനാർഥിയായി മത്സരത്തിനിറങ്ങുന്ന ബേബി രണ്ടാം തവണയാണ് ജനവിധി തേടുന്നത്.
ബേബി കുര്യൻ രണ്ടാം തവണയാണ് മത്സരിക്കുന്നത്. നഗരസഭ രൂപീകരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കട്ടപ്പന ടൗൺ വാർഡിൽ മത്സരിച്ചെങ്കിലും എൽഡിഎഫിലെ സി.കെ. മോഹനനോട് പരാജയപ്പെട്ടിരുന്നു.
ബിജെപി ബാനറിൽ ജനവിധി തേടുന്ന ദമ്പതിമാർ നിലവിലെ കൗൺസിലറായ തങ്കച്ചൻ പുരയിടവും ഭാര്യ ലില്ലിക്കുട്ടി ജോണുമാണ്. 23-ാം വാർഡ് അമ്പലക്കവല വാർഡിലാണ് മത്സരിക്കുന്നത്. ഇത് അദ്ദേഹത്തിൻ്റെ രണ്ടാം അങ്കമാണ്.
തൊട്ടടുത്ത വാർഡായ 24-ാം വാർഡ് മേട്ടുക്കുഴിയിലാണ് മത്സരിക്കുന്നത്. ഇത് ലില്ലിക്കുട്ടിയുടെ കന്നിയങ്കമാണ്. കഴിഞ്ഞ തവണ തങ്കച്ചൻ വിജയിച്ചത് മേട്ടുക്കുഴി വാർഡിൽ നിന്നാണ്. എന്നാൽ, ആ വാർഡ് ഇത്തവണ വനിതാ സംവരണ വാർഡ് ആയതിനാലാണ് താൻ അമ്പലക്കവലയിലേക്ക് മാറിയതെന്ന് തങ്കച്ചൻ പുരയിടം അറിയിച്ചു.
കട്ടപ്പന നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള രണ്ട് തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനായിരുന്നു വിജയം. ഇത്തവണ യു.ഡി.എഫിനുള്ളിലെ ഗ്രൂപ്പ് പോര് മുതലെടുത്ത് ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. നിലവിൽ രണ്ട് സീറ്റുകളുള്ള ബി.ജെ.പി, സീറ്റ് നില മെച്ചപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ്.
What's Your Reaction?

