പേരയ്ക്ക: ഗുണങ്ങൾ ഏറെ, എന്നാൽ ചിലർക്ക് വില്ലനാകാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചില ആരോഗ്യപ്രശ്നങ്ങളുള്ളവർ പേരയ്ക്ക ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്

Nov 21, 2025 - 21:24
Nov 21, 2025 - 21:25
 0
പേരയ്ക്ക: ഗുണങ്ങൾ ഏറെ, എന്നാൽ ചിലർക്ക് വില്ലനാകാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രീരത്തിന് ആവശ്യമായ നാരുകൾ (ഫൈബർ), വിറ്റാമിൻ ഇ, ശക്തമായ ആന്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ കലവറയാണ് പേരയ്ക്ക. എങ്കിലും, ചില ആരോഗ്യപ്രശ്നങ്ങളുള്ളവർ പേരയ്ക്ക ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

ചില സാഹചര്യങ്ങളിൽ പേരയ്ക്കയുടെ ഉപയോഗം ആരോഗ്യത്തിന് ദോഷകരമായേക്കാം. ഉദര സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ പേരയ്ക്ക കഴിക്കുന്നത് അവസ്ഥ വഷളാക്കാൻ സാധ്യതയുണ്ട്. പേരയ്ക്ക ഉദരത്തിലെ ആസിഡിൻ്റെ ഉൽപാദനം കൂട്ടുകയും ഗ്യാസ്ട്രൈറ്റിസ്, ഗ്യാസ്ട്രിക് അൾസർ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യാം.

പേരയ്ക്കയിൽ ഉയർന്ന അളവിൽ നാരുകൾ ഉള്ളതിനാൽ, ദഹനപ്രശ്നമുള്ളവർ ഇത് കഴിക്കുന്നത് ആരോഗ്യകരമായിരിക്കില്ലെന്ന് ആയുർവേദം ചൂണ്ടിക്കാട്ടുന്നു. പേരയ്ക്ക അമിതമായി കഴിക്കുന്നത് വയറുവേദന, ഓക്കാനം, വയറിളക്കം എന്നിവയ്ക്ക് കാരണമായേക്കാം. ചില വ്യക്തികളിൽ പേരയ്ക്ക അലർജിയുണ്ടാക്കാം. ചൊറിച്ചിൽ, തടിപ്പ്, വീക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.

രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ, പ്രമേഹ മരുന്നുകൾ, രക്തസമ്മർദ്ദ മരുന്നുകൾ എന്നിവയുമായി പേരയ്ക്ക പ്രതിപ്രവർത്തിച്ചേക്കാം. പേരയ്ക്കയിൽ പ്രകൃതിദത്തമായ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് പ്രമേഹമുള്ളവർക്കും പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും പ്രശ്നമുണ്ടാക്കാം.

പഞ്ചസാരയുടെയും ആസിഡിൻ്റെയും അളവ് കൂടുതലായതിനാൽ, കഴിച്ച ശേഷം ശരിയായ രീതിയിൽ വായ വൃത്തിയാക്കിയില്ലെങ്കിൽ പല്ലുകൾക്ക് കേടുപാടുകൾ ഉണ്ടാകാം. പേരയ്ക്ക കഴിക്കുമ്പോൾ മിതത്വം പാലിക്കുകയാണ് പ്രധാനം. ദിവസവും ഒന്നോ രണ്ടോ പേരയ്ക്ക കഴിക്കുന്നതിൽ കുഴപ്പമില്ല.

നല്ലതുപോലെ പഴുത്ത പേരയ്ക്ക മാത്രം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പഴുക്കാത്ത പേരയ്ക്ക കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow