കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. എസ്ഐആറുമായി ബന്ധപ്പെട്ട ജോലിസമ്മർദമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്.
ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നുണ്ട്. എസ് ഐ ആർ ജോലി സമർദ്ദം കാരണമാണ് ജീവനൊടുക്കിയതെന്നാണ് സംശയം.
ജോലിസമ്മർദത്തെക്കുറിച്ച് സൂചിപ്പിച്ച് നേരത്തേ അനീഷ് ജില്ലാ കലക്റ്റർക്ക് പരാതി നൽകിയിരുന്നുവെന്നും സൂചനയുണ്ട്. പയ്യന്നൂർ പോലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തില്‍ പെരിങ്ങോം പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. കഴിഞ്ഞ കുറെയധികം ദിവസങ്ങളായി എസ്‌ഐആർ ഫോമുമായി ബന്ധപ്പെട്ട ജോലി സമ്മർദം ഇയാൾ വീട്ടുകാരുമായി പങ്കുവെച്ചിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.