തിരുവനന്തപുരം: തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് മരിച്ചു.
ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും ചാടിയാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ഭാസുരൻ അതേ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണത്തിനു കീഴടങ്ങിയത്. എന്താണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല.
ഡയാലിസിസ് ചികിത്സയിലായിരുന്നു ജയന്തി. ഈ മാസം ഒന്നാം തീയതിയാണ് പട്ടം എസ്.യു.ടി. ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. ആശുപത്രിയിൽ ജയന്തി ചികിത്സയിൽ കഴിഞ്ഞ മുറിയിൽ വച്ചാണ് കൊലപാതകം നടത്തിയത്. കഴുത്തിൽ വയറ് കൊണ്ട് മുറുക്കിയാണ് കൊലപ്പെടുത്തിയത് എന്ന് പോലീസ് പറഞ്ഞു.
ഭാസുരൻ ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും പരിക്കേറ്റ് ചികിത്സയിലാണെന്നുമുള്ള വിവരം ജയന്തിയെ അറിയിക്കാന്‍ മുറിയിലെത്തിയപ്പോഴാണ് ആശുപത്രി ജീവനക്കാര്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.