കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടപടികള്‍ കടുപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്.
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ദുൽഖർ സൽമാനും,പൃഥ്വിരാജിനും , അമിത് ചക്കാലയ്ക്കലിനും ഇഡി നോട്ടീസ് നൽകും.
നടൻമാരോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ ഇഡി നിർദേശം നൽകിയിട്ടുണ്ട്. ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യലിലേക്ക് കടക്കുക.
നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുൽഖർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ദുൽഖറിന്റെ വാഹനം വിട്ടു നൽകുന്നില്ല എങ്കിൽ അതിനു കൃത്യമായ വിശദീകരണം നൽകാൻ കസ്റ്റംസിനോട് കഴിഞ്ഞ ദിവസം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും കാര്‍ ഡീലര്‍മാരുടെ ഓഫീസ്, ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ് എന്നിവിടങ്ങളായിരുന്നു ഒരേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തിയത്. ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഹവാല നെറ്റ്‌വർക്കിന്റെ സാന്നിധ്യം പരിശോധിക്കാനാണ് ഇഡി നീക്കം.