തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിൽ വച്ചായിരുന്നു മന്ത്രിയുടെ നിർണായക പ്രഖ‍്യാപനം.
സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെ എസ് ആർ ടി സി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് കാണിച്ച് പാസ് വാങ്ങി യാത്ര ചെയ്യാമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ക‍്യാൻസർ സെന്റുകൾക്ക് പുറമെ സ്വകാര്യ ആശുപത്രിയിലേക്കാണെങ്കിലും യാത്ര സൗജന്യമായിരിക്കും. കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് ഇന്ന് തന്നെ തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വിവരിച്ചു.
ജനങ്ങൾക്കുവേണ്ടിയുള്ള പ്രഖ്യാപനമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. റേഡിയേഷനും കീമോയ്ക്കും വേണ്ടി കേരളത്തിൽ ഏത് ആശുപത്രിയിലേക്കും യാത്രചെയ്യുന്ന ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര കെഎസ്ആർടിസി ഉറപ്പു നൽകുന്നുവെന്ന് മന്ത്രി പറഞ്ഞു. യാത്ര തുടങ്ങുന്ന ഇടം മുതൽ ആശുപത്രിവരെ ആനുകൂല്യത്തിന് അർഹതയുണ്ട്.