ചെന്നൈ: കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണവുമായി ടിവികെ അധ്യക്ഷൻ വിജയ്. ജീവിതത്തിലെ ഏറ്റവും വേദനയനുഭവിക്കുന്ന സാഹചര്യമാണിത്. അധികം വൈകാതെ സത്യം പുറത്തു വരുമെന്നും വിജയ് പറഞ്ഞു.
മാത്രമല്ല താൻ ഇത്രയും വേദന ഇതിനു മുൻപ് അനുഭവിച്ചിട്ടില്ലെന്ന് വിജയ് പറഞ്ഞു. കുറ്റമെല്ലാം തന്റെ മേല്‍ ആരോപിക്കാമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടരുതെന്നും വിജയ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ത്രയും ആളുകള്‍ക്ക് ദുരിതം ബാധിക്കുമ്പോള്‍ എങ്ങനെയാണ് തനിക്ക് നാടുവിടാനാവുകയെന്നും ചില പ്രത്യേക സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് അവിടേക്ക് വരാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങള്‍ റാലിയില്‍ എത്തിയത് എന്നോടുള്ള സന്തോഷം കൊണ്ടാണെന്നും വിജയ് വീഡിയോയിലൂടെ പറയുന്നു. ആ സ്നേഹത്തിന് നന്ദിയുണ്ട്. എന്നാൽ, സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങൾക്ക് മനസിലാകും. അവർ എല്ലാം വീക്ഷിക്കുന്നുണ്ട്. വൈകാതെ സത്യം പുറത്തു വരുമെന്നും വിജയ് കൂട്ടിച്ചേർത്തു.
അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോടും വിജയ് ചോദ്യങ്ങൾ ഉന്നയിച്ചു. സിഎം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ എന്നും വിജയ് ചോദിച്ചു. തന്റെ വേദന മനസിലാക്കി ഒപ്പം നിന്നവര്‍ക്ക് നന്ദി എന്നും വിജയ്‌യുടെ വിഡിയോ സന്ദേശത്തില്‍ പറയുന്നു.