'തൂഫാൻ ജാഗരൺ' റാലിക്ക് തുടക്കം; ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയുമായി സർക്കാർ
കൊച്ചി: സംസ്ഥാനത്തെ ലഹരിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ 'തൂഫാൻ ജാഗരൺ' ബഹുജനറാലിക്ക് പെരുമ്പാവൂരിൽ തുടക്കമായി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും ചടങ്ങിൽ പങ്കെടുത്തു.
പെരുമ്പാവൂരിനെ 'ലഹരിയുടെ ക്യാപിറ്റൽ' എന്ന കുപ്രസിദ്ധിയിൽ നിന്ന് മോചിപ്പിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികളെ മറയാക്കി ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും, ഓപ്പറേഷൻ 'തൂഫാൻ' കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ഇതിനകം 5,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഉടൻ തന്നെ 'സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഫോർ ഓപ്പറേഷൻ തൂഫാൻ' പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ പൊലീസ് മേധാവിമാർ പങ്കെടുക്കുന്ന സംയുക്ത യോഗം ഉടൻ ചേരുമെന്നും, അതിർത്തി വഴിയുള്ള ലഹരിക്കടത്ത് തടയുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി ശൃംഖലയുമായി ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി തുടരുമെന്നും, പെരുമ്പാവൂരിൽ കൂടുതൽ പൊലീസ് വിന്യസിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഏറ്റവും ഉയർന്ന ദിവസവേതനം ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും, അതുകൊണ്ടുതന്നെ നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ തൊഴിൽ തേടി കേരളത്തിലെത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വ്യവസായ-സാമ്പത്തിക രംഗത്ത് മുന്നേറുന്ന പെരുമ്പാവൂരിന്റെ സുരക്ഷയും വികസനവും മുൻനിർത്തിയാണ് 'തൂഫാൻ ജാഗരൺ' പരിപാടിക്ക് ഇവിടെ തുടക്കമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?



