കാർ കത്തിയത് ഷോർട്ട് സർക്യൂട്ടല്ല! ഗർഭിണിയായ സോനയുടെ മരണത്തിൽ വൻ വഴിത്തിരിവ്; കന്നാസിൽ പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

May 21, 2026 - 19:25
May 21, 2026 - 19:26
 0
കാർ കത്തിയത് ഷോർട്ട് സർക്യൂട്ടല്ല! ഗർഭിണിയായ സോനയുടെ മരണത്തിൽ വൻ വഴിത്തിരിവ്; കന്നാസിൽ പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

കോഴിക്കോട്: ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പൊലീസ്. കാർ കത്തിയ സംഭവത്തിൽ സോനയുടെ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് വ്യക്തമായിട്ടുള്ളത്. രജിൻലാലുമായുള്ള കടുത്ത വാക്കുതർക്കത്തെ തുടർന്ന് മനംനൊന്ത് സോന കാറിനുള്ളിൽ വെച്ച് സ്വയം തീക്കൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്.

മരണത്തിന് തൊട്ടുമുൻപും താൻ അനുഭവിച്ചിരുന്ന മാനസിക-ശാരീരിക പീഡനങ്ങളെക്കുറിച്ച് സോന സ്വന്തം സഹോദരിയോട് തുറന്നുപറഞ്ഞിരുന്നു. സംഭവദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയിൽ എത്തിയ സോന, അവിടെയുള്ള ഒരു പെട്രോൾ പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ ബന്ധുവീട്ടിൽ നിന്ന് ഭർത്താവ് രജിൻലാലിനൊപ്പം സ്വന്തം വീട്ടിലേക്ക് കാറിൽ പോകുന്നതിനിടയിൽ, സോന കയ്യിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് തീയിട്ടതാകാമെന്നാണ് പൊലീസ് നിഗമനം.

ഷോർട്ട് സർക്യൂട്ടല്ല; വഴിത്തിരിവായത് പെട്രോൾ ഗന്ധം

കാറിന് തീപിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പേരാമ്പ്രയിൽ നിന്ന് സോന പെട്രോൾ വാങ്ങിയ വിവരം പുറത്തുവന്നത്. അപകടത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റ് നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവ് രജിൻലാലിന്റെ മൊഴിയും ഈ നിഗമനത്തെ ശരിവെക്കുന്നുണ്ട്. സംഭവസമയത്ത് കാറിനുള്ളിൽ പെട്രോളിന്റെ ശക്തമായ ഗന്ധം ഉണ്ടായിരുന്നതായി രജിൻലാൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, സോനയുടെ മരണത്തിൽ രജിൻലാലിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സോനയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. സോനയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന സംശയമാണ് അവർ ഉന്നയിക്കുന്നത്. സംഭവത്തിൽ കൃത്യമായ സത്യം പുറത്തുകൊണ്ടുവരാൻ പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നും സോനയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. നിലവിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow