ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസം; പെരുമ്പളം പാലത്തിൽ ടാറിങ് നിലച്ചു, തെരുവുവിളക്കുകളില്ല; പ്രഖ്യാപിച്ച കെഎസ്ആർടിസി ബസും മുങ്ങി, അവഗണനയെന്ന് പരാതി!
പൂച്ചാക്കൽ: മഴവില്ലഴകിൽ ആയിരക്കണക്കിന് ആളുകൾക്ക് ദൃശ്യവിരുന്നൊരുക്കി വാർത്തകളിൽ നിറഞ്ഞ പെരുമ്പളം പാലം അധികൃതരുടെ അവഗണനയിൽ പ്രതിസന്ധിയിലാകുന്നതായി പരാതി. വൻ ആഘോഷങ്ങളോടെ പാലം ഉദ്ഘാടനം ചെയ്ത് രണ്ടു മാസം പിന്നിട്ടിട്ടും രണ്ടാം ഘട്ട ടാറിങ് പൂർത്തിയാകാത്തത് ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങളാണ് പ്രദേശവാസികളെയും യാത്രികരെയും വലയ്ക്കുന്നത്.
കഴിഞ്ഞ മാർച്ച് 7-നാണ് പാലം പൊതുജനങ്ങൾക്കായി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം മാത്രമേ ടാറിങ് ജോലികൾ ആരംഭിക്കുകയുള്ളൂ എന്നും ഒരു മാസത്തിനകം അത് പൂർത്തിയാക്കുമെന്നുമായിരുന്നു അധികൃതർ അന്ന് നൽകിയിരുന്ന ഉറപ്പ്. എന്നാൽ രണ്ടു മാസം കഴിഞ്ഞിട്ടും ആദ്യഘട്ട ടാറിങ് മാത്രമാണ് ഭാഗികമായി നടന്നിട്ടുള്ളത്. പാലത്തിലും അപ്രോച്ച് റോഡിലും നടക്കേണ്ട രണ്ടാം ഘട്ട ടാറിങ് ജോലികൾ നിലവിൽ പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. അതിഥി തൊഴിലാളികൾ നാട്ടിൽ പോയതാണ് പണികൾ നിലയ്ക്കാൻ കാരണമെന്നാണ് കരാറുകാർ നൽകുന്ന വിശദീകരണം. റോഡ് നിർമാണ യന്ത്രങ്ങളും മെറ്റൽ ഉൾപ്പെടെയുള്ള സാമഗ്രികളും പാലത്തിൽ തന്നെ ഇട്ടിരിക്കുന്നത് രാത്രികാലങ്ങളിൽ വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്.
ഇരുട്ടിലായി പാലം; മാലിന്യത്തള്ളലും സാമൂഹ്യവിരുദ്ധ ശല്യവും
പാലത്തിലും അപ്രോച്ച് റോഡിലും തെരുവുവിളക്കുകൾ സ്ഥാപിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ലൈറ്റുകൾ സ്ഥാപിക്കാനുള്ള കരാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന് നൽകിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും തുടർനടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
വെളിച്ചമില്ലാത്തതിനെ തുടർന്ന് പാലത്തിൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇതിനുപുറമെ, പാലത്തിന് മുകളിൽ അനധികൃത പാർക്കിങ്ങും കച്ചവടവും പൊടിപൊടിക്കുകയാണ്. കച്ചവടക്കാർ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പാലത്തിലും താഴെ കായലിലും തള്ളുന്നത് പതിവായിട്ടുണ്ട്. അവധി ദിനങ്ങളിൽ ഇപ്പോഴും നിരവധി സന്ദർശകർ എത്തുന്ന ഇവിടെ ഇത്തരം പ്രവണതകൾ കാഴ്ച്ചപ്പൊലിമ കെടുത്തുന്നു.
ഫ്ലാഗ് ഓഫ് ചെയ്ത കെഎസ്ആർടിസിയും വലിഞ്ഞു
പെരുമ്പളത്തു നിന്നു എറണാകുളം, കോട്ടയം ജില്ലകളിലേക്ക് ഉൾപ്പെടെയുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ പാലം ഉദ്ഘാടന ദിവസം വിപുലമായി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. എന്നാൽ അതിനുശേഷം ഒരു ബസ് പോലും ഈ റൂട്ടിൽ സർവീസ് നടത്തിയിട്ടില്ല. പാലത്തിലെ ടാറിങ് ജോലികൾ പൂർണ്ണമായി തീർന്നതിന് ശേഷം മാത്രമേ ബസ് സർവീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകൂ എന്നാണ് ഇപ്പോൾ അധികൃതർ വ്യക്തമാക്കുന്നത്. ഇതോടെ പെരുമ്പളം നിവാസികളുടെ യാത്രാദുരിതത്തിന് അറുതിയാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും.
What's Your Reaction?



