കേരളത്തിൽ ശക്തമായ മഴ; 12 ജില്ലകളിൽ മുന്നറിയിപ്പ്, കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ടിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട മുതൽ വയനാട് വരെയുള്ള 10 ജില്ലകളിൽ യെലോ അലർട്ടുമാണ് നിലവിലുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകൾക്ക് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല.
സംസ്ഥാനത്ത് ജൂലൈ 7 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അതേസമയം, ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുപ്രകാരം ഇന്ന് രാത്രി 11.30 വരെ കണ്ണൂർ, കാസർകോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) തീരങ്ങളിൽ 2.8 മുതൽ 3.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
What's Your Reaction?



