തിരുവനന്തപുരം കോർപറേഷനിൽ വീണ്ടും സംഘർഷം; പ്രതിഷേധത്തിനിടെ കൗൺസിൽ യോഗം 5 മിനിറ്റിൽ പിരിച്ചു വിട്ടു
തിരുവനന്തപുരം: ഭരണസ്തംഭനം ആരോപിച്ച് എൽഡിഎഫും യുഡിഎഫും ബിജെപിക്കെതിരെ പ്രതിഷേധിച്ചതോടെ തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗം വീണ്ടും സംഘർഷഭരിതമായി. പ്രതിഷേധത്തിനിടെ റജിസ്റ്ററിൽ ഒപ്പിടാൻ യുഡിഎഫ് അംഗങ്ങൾ ശ്രമിച്ചത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ തടഞ്ഞതോടെ സംഘർഷമുണ്ടായി. യുഡിഎഫ് കൗൺസിലർ ശബരീനാഥനും ചെമ്പഴന്തി ഉദയനും തമ്മിൽ വാക്കേറ്റവും തർക്കവും നടന്നു. ഉദയന്റെ ഷർട്ട് കീറിയതായി ബിജെപി ആരോപിച്ചപ്പോൾ, വനിതാ അംഗങ്ങളെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തതായി യുഡിഎഫും ആരോപിച്ചു. ബഹളം രൂക്ഷമായതോടെ കൗൺസിൽ യോഗം അഞ്ച് മിനിറ്റിനകം അവസാനിപ്പിച്ചു.
കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റ സിപിഎം കൗൺസിലർമാർ മെഡിക്കൽ കോളജിൽ നിന്ന് വീൽചെയറിലായിരുന്നു കൗൺസിൽ യോഗത്തിനെത്തിയത്. ബിജെപി കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫും യുഡിഎഫും തുടക്കം മുതൽ പ്രതിഷേധിച്ചു. മേയർ വി.വി. രാജേഷ് യോഗം ആരംഭിച്ചതോടെ പ്രതിഷേധം ശക്തമായി.
മെഡിക്കൽ കോളജ് കൗൺസിലർ സിന്ധു, കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശി, അണമുഖം കൗൺസിലർ വീണ എന്നിവരെ ആംബുലൻസിൽ കോർപറേഷൻ വളപ്പിലെത്തിച്ച ശേഷം വീൽചെയറിലായിരുന്നു ഹാളിലേക്ക് എത്തിച്ചത്. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ബിജെപി അംഗങ്ങൾ തിരിച്ചും പ്രതിഷേധിക്കുകയും ചെയ്തു.
ബഹളം നിയന്ത്രണാതീതമായതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മേയർ കൗൺസിൽ യോഗം അവസാനിപ്പിച്ചു. റജിസ്റ്ററിൽ ഒപ്പിടുന്നതിനിടെയാണ് സംഘർഷമുണ്ടായതെന്ന് ഇരുപക്ഷവും ആരോപിച്ചു. ശുചിത്വ പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉയരുന്നുണ്ടെന്നും ആർ. സുഗതനെതിരായ വിഷയം ചർച്ച ചെയ്യാൻ മേയർ തയ്യാറായില്ലെന്നും സിപിഎം കൗൺസിലർ എസ്.പി. ദീപക് ആരോപിച്ചു. കോർപറേഷൻ പരിസരത്ത് വൻ പൊലീസ് സന്നാഹം വിന്യസിച്ചിരുന്നു.
What's Your Reaction?



