തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം പ്രതിസന്ധിയിൽ; വിജയിയെ മൂന്നാം തവണയും മടക്കി ഗവർണർ, വിസികെയുടെ തീരുമാനം ഇന്ന്

May 9, 2026 - 14:02
May 9, 2026 - 14:02
 0
തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം പ്രതിസന്ധിയിൽ; വിജയിയെ മൂന്നാം തവണയും മടക്കി ഗവർണർ, വിസികെയുടെ തീരുമാനം ഇന്ന്

തമിഴ്‌നാട് രാഷ്ട്രീയത്തിൽ സർക്കാർ രൂപീകരണത്തിനായുള്ള നീക്കങ്ങൾ അനിശ്ചിതത്വത്തിലാകുന്നു. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണക്കത്ത് ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് മൂന്നാം തവണയും ടിവികെ നേതാവ് വിജയിനെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മടക്കി. 120 പേരുടെ പിന്തുണയുണ്ടെന്ന് വിജയ് അവകാശപ്പെട്ടെങ്കിലും വിസികെ, മുസ്‌ലിം ലീഗ് എന്നിവരുടെ കത്തുകൾ ഹാജരാക്കാത്തതാണ് തിരിച്ചടിയായത്. നിലവിൽ ടിവികെ, കോൺഗ്രസ്, സിപിഎം, സിപിഐ എന്നിവരുടെ പിന്തുണയോടെ 116 പേരുടെ ബലമാണ് വിജയ്ക്കുള്ളത്.

അതിനിടെ, വിസികെ പിന്തുണ നൽകുന്ന കാര്യത്തിൽ കടുത്ത വിലപേശൽ തുടരുകയാണ്. ഉപമുഖ്യമന്ത്രി സ്ഥാനവും വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റും വിസികെയ്ക്ക് നൽകാൻ ധാരണയായെങ്കിലും രണ്ട് മന്ത്രിസ്ഥാനങ്ങൾ കൂടി വേണമെന്ന ആവശ്യത്തിൽ തീരുമാനം നീളുകയാണ്. വിസികെ നിലപാട് ഇന്ന് വൈകിട്ട് നാല് മണിക്ക് പ്രഖ്യാപിക്കും. അതേസമയം, മുസ്‌ലിം ലീഗ് വിശ്വാസ വോട്ടെടുപ്പ് വേളയിൽ പിന്തുണയ്ക്കാമെന്നും എന്നാൽ മുൻകൂട്ടി പിന്തുണക്കത്ത് നൽകില്ലെന്നുമുള്ള നിലപാടിലാണ്.

പുതിയ രാഷ്ട്രീയ നീക്കങ്ങൾക്കിടെ ടിവികെ കുതിരക്കച്ചവടം നടത്തുകയാണെന്നും വിജയ് ഗവർണർക്ക് നൽകിയത് വ്യാജ കത്താണെന്നും ആരോപിച്ച് ടി.ടി.വി. ദിനകരൻ രംഗത്തെത്തിയത് വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ മുഴുവൻ കോൺഗ്രസ് എംഎൽഎമാരെയും ഹൈദരാബാദിലേക്ക് മാറ്റിയിരിക്കുകയാണ്. വിസികെയുടെയും ലീഗിന്റെയും അന്തിമ തീരുമാനം വരുന്നതോടെ മാത്രമേ തമിഴ്‌നാട് ഭരണത്തിൽ വ്യക്തത കൈവരൂ.

What's Your Reaction?

like

dislike

love

funny

angry

sad

wow