പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവ് കെ. രാജൻ ജീവനൊടുക്കി"
ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവും സംവിധായകനുമായ കെ. രാജനെ (85) ചെന്നൈയിലെ അഡയാർ നദിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നദിയിൽ ചാടിയ അദ്ദേഹത്തിനായി അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ തമിഴ്‌നാട് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
1983-ൽ പുറത്തിറങ്ങിയ 'ബ്രഹ്മചാരിഗൾ' എന്ന ചിത്രത്തിലൂടെയാണ് കെ. രാജൻ ചലച്ചിത്ര നിർമാണ രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് സംവിധാന രംഗത്തേക്കും അദ്ദേഹം കടന്നുവന്നു. 1991-ൽ നിഴൽഗൾ രവി, ശരത് കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'നമ്മ ഊരു മരിയാമ്മ'യാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് 'ഉണർച്ചിഗൾ' എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. പിന്നീട് 'ഗണേഷ് സിനി ആർട്സ്' എന്ന പേരിൽ സ്വന്തമായി നിർമാണ കമ്പനി സ്ഥാപിച്ച അദ്ദേഹം തമിഴ് സിനിമയിലെ സജീവ സാന്നിധ്യമായി മാറി. 2000-ത്തിൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കെ. രാജന്റെ അപ്രതീക്ഷിത വിയോഗത്തിൽ തമിഴ് ചലച്ചിത്ര ലോകം കടുത്ത ഞെട്ടലിലാണ്. അദ്ദേഹത്തിന്റെ മരണവാർത്ത വിശ്വസിക്കാനാകുന്നില്ലെന്ന് നടി ഖുശ്ബു സുന്ദർ പ്രതികരിച്ചപ്പോൾ, തമിഴ് സിനിമയ്ക്ക് നികത്താനാകാത്ത വലിയൊരു നഷ്ടമാണ് രാജന്റെ വിയോഗമെന്ന് നടൻ ശരത് കുമാർ അനുശോചിച്ചു. നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
What's Your Reaction?



