"വൈദ്യുതിയല്ല, ആരോഗ്യം; വകുപ്പ് മാറ്റം സ്ഥിരീകരിച്ച് കെ. മുരളീധരൻ"
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ തനിക്ക് ആരോഗ്യ വകുപ്പാണ് ലഭിക്കുകയെന്ന് സ്ഥിരീകരിച്ച് നിയുക്ത മന്ത്രി കെ. മുരളീധരൻ. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും നാടിന് ഗുണകരമായ വകുപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ഒരുപോലെ വിശ്വാസത്തിലെടുത്ത് വകുപ്പ് ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നാണ് കരുതുന്നത്. ആശുപത്രികളുടെ വികസനം, ഡോക്ടർമാരും രോഗികളും തമ്മിലുള്ള അനുപാതം ക്രമീകരിക്കൽ തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ ആരോഗ്യമേഖലയിൽ ചെയ്യാനുണ്ട്. ഇതിനാവശ്യമായ സാമ്പത്തികം കണ്ടെത്തുക എന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യത്തിനൊപ്പം ദേവസ്വം വകുപ്പും ലഭിക്കുമെന്ന സൂചന നൽകിയ മുരളീധരൻ, ദേവസ്വം ബോർഡുകൾ ശുദ്ധീകരിക്കുമെന്നും അഴിമതി പൂർണ്ണമായി ഇല്ലാതാക്കുമെന്നും വ്യക്തമാക്കി. ദൈവത്തിന്റെ പണം എടുത്ത് കളിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. അവിചാരിതമായാണ് താൻ ആരോഗ്യ വകുപ്പിലേക്ക് എത്തിയതെങ്കിലും ഭംഗിയായി കാര്യങ്ങൾ നിർവ്വഹിക്കാൻ സാധിക്കുമെന്ന പൂർണ്ണ വിശ്വാസമുണ്ട്. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രശ്നങ്ങളും നിലവിലില്ല. മുതിർന്നവരും അനുഭവസമ്പന്നരും ഒപ്പം ചെറുപ്പക്കാരും അടങ്ങുന്ന മികച്ചൊരു ടീമാണ് പുതിയ മന്ത്രിസഭയെന്നും എല്ലാവരെയും ഒന്നിച്ച് നിർത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
What's Your Reaction?

