ആലപ്പുഴ: നടന്മാരായ ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ചോദ്യം ചെയ്യലിനായി ആലപ്പുഴ എക്സൈസ് ഓഫീസിൽ എത്തി. ഹൈബ്രിഡ് കഞ്ചാവ് കേസിലാണ് ചോദ്യം ചെയ്യലിനായി ഇവരോട് ഹാജരാകാൻ അറിയിച്ചിരുന്നത്. ഇവരടൊപ്പം കൊച്ചിയിലെ മോഡൽ ആയ സൗമ്യയെയും വിളിപ്പിച്ചിട്ടുണ്ട്.
മൂന്ന് പേരോടും 10 മണിക്ക് ഹാജരാകാനാണ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ മൂന്ന് പേരും തങ്ങളുടെ അഭിഭാഷകരോടൊപ്പം നേരത്തെ തന്നെ എത്തിയിരുന്നു. രാവിലെ 7.30 ഓടെയാണ് ഷൈൻ എക്സൈസ് ഓഫീസിലെത്തിയത്. ഒരു മണിക്കൂറിനകം ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്ന നിബന്ധന താരം മുന്നോട്ട് വച്ചിരിക്കുകയാണ്. ബംഗ്ലൂരുവിലെ ഡി അഡിഷൻ സെന്‍ററിൽ ചികിത്സയിലാണെന്നും ഒരു മണിക്കൂറിൽ തന്നെ മടക്കി അയക്കണമെന്നുമാണ് ഷൈൻ എക്സൈസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ശ്രീനാഥ് ഭാസി 8.10 നും സൗമ്യ 8.30 നും എക്സൈസ് ഓഫീസിലെത്തി. കേസിലെ മുഖ്യപ്രതികളായ തസ്ലീമ സുല്‍ത്താനയും ഭര്‍ത്താവ് സുല്‍ത്താനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലും പ്രതികളില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനത്തിലാവും താരങ്ങളെ ചോദ്യം ചെയ്യുക. അതേസമയം ബിഗ് ബോസ് താരം ജിന്റോയ്ക്ക് ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്.