ജല്‍ജീവന്‍ മിഷനില്‍ പിന്‍വാതില്‍ നിയമനം വ്യാപകം; നടപ്പിലാക്കുന്നത് പരസ്യംപോലും നല്‍കാതെ
ജോലിക്കില്ലെങ്കിലും വേതനത്തിന് അവധിയില്ല! സര്‍ക്കാര്‍ കാണുന്നുണ്ടോ?

രമ്യ മേനോന്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സഹായത്തോടുകൂടി നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ വന്‍ ക്രമക്കേടെന്ന് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് ഏറെക്കാലമായി നടപ്പിലാക്കിവരുന്ന പദ്ധതിയുടെ വോളണ്ടിയര്‍മാരെയും ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് മാരെയും നിയമിക്കുന്നത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
കേന്ദ്ര ഉത്തരവ് പ്രകാരം ദിവസ വേതന അടിസ്ഥാനത്തിലാണ് പദ്ധതിയ്ക്കായി വളണ്ടിയര്‍മാരെ നിയമിക്കുക. ശരിയായ രീതിയില്‍ ഒരു അഭിമുഖം പോലും നടത്താതെയാണ് നിയമന ഉത്തരവുകള്‍ നല്‍കുന്നത്. കേരള ജലതോറിറ്റി ജീവനക്കാരുടെ ബന്ധുക്കള്‍, രാഷ്ട്രീയക്കാരുടെ വേണ്ടപ്പെട്ടവർ എന്നിവരെയാണ് ഒരു മാനദണ്ഡവും ഇല്ലാതെ പിന്‍വാതില്‍ വഴി നിയമിക്കുന്നത്. നിയമനം താല്‍ക്കാലികാടിസ്ഥാനത്തിലാണ്.
179 ദിവസമാണ് ഇവരുടെ സേവന കാലാവധി. 179 ദിവസം അല്ലെങ്കില്‍ ഏത് പദ്ധതിക്ക് വേണ്ടിയാണോ നിയമിച്ചത് - പദ്ധതിയുടെ പൂര്‍ത്തീകരണം - ഏതാണോ ആദ്യം വരുന്നത് അതുവരെയാണ് വളണ്ടിയര്‍മാരുടെ സേവന കാലാവധി.
കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് ജീവനക്കാരെ പിരിച്ചുവിട്ടു പിന്നീട് അഭിമുഖം നടത്തി പുതിയ വളണ്ടിയര്‍മാരെ നിയമിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ഇതൊന്നും പാലിക്കാതെ പഴയ ആള്‍ക്കാര്‍ക്ക് തന്നെ വീണ്ടും നിയമനം നല്‍കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. ഇത്തരത്തില്‍ നിയമിതരായ നൂറോളം പേരാണ് ഇപ്പോള്‍ വിവിധ വകുപ്പുകളിലായുള്ളത്.
നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ പുറത്ത് തൊഴില്‍രഹിതരായിരിക്കെയാണ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഇഷ്ടക്കാര്‍ക്ക് ഇത്തരത്തില്‍ പുനര്‍ന്നിയമനം നല്‍കി വരുന്നത്.
പദ്ധതി ആരംഭിച്ച കാലം മുതല്‍ വളണ്ടിയര്‍മാര്‍ ആയി ജോലി ചെയ്യുന്നവര്‍ പല ഓഫീസുകളിലും ഉണ്ട്. ഫീല്‍ഡില്‍ മാത്രമല്ല ഓഫീസുകളിലും ഇവരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും ജോലി ചെയ്തതായി രേഖയുണ്ടാക്കി വേതനം നല്‍കി വരുന്നുണ്ട്.
പല പഞ്ചായത്തുകളിലും ജലജീവന്‍ മിഷന്‍ പദ്ധതി പൂര്‍ത്തിയാവുകയും പ്രവര്‍ത്തിയുടെ ഫൈനല്‍ ബില്ലുകള്‍ കരാറുകാര്‍ക്ക് എഴുതി നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട വളണ്ടിയര്‍മാരെ തിരിച്ചുവിടാതെ ഇപ്പോഴും വേതനം നല്‍കിവരുന്നുണ്ട്.
ഔദ്യോഗിക വാഹനം ഇവര്‍ യഥേഷ്ടം ഉപയോഗിച്ചു വരുന്നതായി കാണുന്നു. മാത്രമല്ല എന്‍ജിനീയര്‍മാര്‍ക്ക് നല്‍കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് സിം വരെ വളണ്ടിയര്‍മാരുടെ കൈവശമാണ്.
രണ്ടുപേര്‍ക്കു ചെയ്യാനുള്ള ജോലി തീര്‍ക്കാന്‍ വേണ്ടി നാല് മുതല്‍ 6 പേരെ വരെ നിയമിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഫണ്ടായതിനാല്‍ 'കാട്ടിലെ തടി തേവരുടെ ആന' എന്ന മനോഭാവമാണ് ഉദ്യോഗസ്ഥര്‍ക്ക്.
ഈ പദ്ധതി നടപ്പിലാക്കാന്‍ വേണ്ടി ജില്ലാ കളക്ടറേറ്റുകളില്‍ ഡി.പി.എം.യു രൂപീകരിച്ച് അതിലും വളണ്ടിയര്‍മാരെ തിരുകി കയറ്റിയിട്ടുണ്ട്. പദ്ധതി നിര്‍വഹണത്തിന് വേണ്ടി മറ്റു വകുപ്പുകളുടെ ഏകോപനത്തിനു വേണ്ടിയാണ് ഡി.പി.എം.യു രൂപീകരിച്ചിരിക്കുന്നത്. ഇതിലേക്കുള്ള നിയമനവും ഒരു അഭിമുഖം പോലും നടത്താതെയാണ് ചെയ്തുവരുന്നത്.
മാത്രമല്ല പദ്ധതിയുടെ പ്രസക്തഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചതിനാല്‍ ഇവരെ പിരിച്ചുവിടാം എന്നിരിക്കെ ചിലര്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇവരുടെ സേവന കാലാവധി നീട്ടിക്കൊടുക്കുകയും അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ വേതനം നല്‍കുകയും ചെയ്തു വരുന്നുണ്ട്.
പ്രവര്‍ത്തികള്‍ നടത്തുന്ന കരാറുകാര്‍ക്ക് സീനിയോറിറ്റി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ബില്‍ തുക നല്‍കി വരുന്നത്.
What's Your Reaction?






