തിരുവനന്തപുരം: പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ 'പിറവി' യിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.
ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു മലയാളചലച്ചിത്രസംവിധായകനും ക്യാമറാമാനും ആണ് ഷാജി എൻ. കരുൺ. അദ്ദേഹത്തിന്റെ ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമാണ്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. 2011 ലെ പത്മശ്രീ അവാർഡിനർഹനായി.
കുട്ടിസ്രാങ്ക് (2009), നിഷാദ് (2002), വാനപ്രസ്ഥം (1998), സ്വം (1994) ,പിറവി (1989),സ്വപാനം ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. കാഞ്ചന സീത (1977),തമ്പ് (1978),കുമ്മാട്ടി (1979),എസ്തപ്പാൻ (1980),പോക്കുവെയിൽ (1981),
ചിദംബരം (1985), ഒരിടത്ത് (1986) എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.