ടെക്നോപാർക്കിന്റെ പേരിൽ ഇവോക എഡ്യൂ ടെക്ക് കമ്പനിയുടെ വൻ സാമ്പത്തിക തട്ടിപ്പ്; ഒരാൾ പിടിയിൽ
പിടിയിലായ രമിത്തിന്റെ ഭാര്യ ചിഞ്ചു കെ.എസ് ആണ് ഇവോക എഡ്യൂ ടെക്കിന്റെ പ്രധാന നടത്തിപ്പുകാരി. ഇവർക്കെതിരെയും ഒട്ടനവധി ആരോപണങ്ങൾ ഉയരുന്നുണ്ട്

തിരുവനന്തപുരം: തലസ്ഥാനം കേന്ദീകരിച്ച് ഓൺലൈൻ പഠനത്തിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് സ്വദേശി രമിത്ത് പി യാണ് കോട്ടയം പോലീസിന്റെ പിടിയിലായത്. ഇവോക എഡ്യൂ ടെക്ക് എന്ന കമ്പനിയുടെ മറവിലായിരുന്നു രമിത്തും കൂട്ടാളികളും തട്ടിപ്പ് നടത്തിയത്.
തിരുവനന്തപുരം കവടിയാർ ആസ്ഥാനമായി ഇവോക എഡ്യൂ ടെക്ക് (Evoca Edutech) എന്ന പേരിൽ വെർച്യുൽ ആയി ഒരു സ്ഥാപനം ടെക്നോപാർക്കിന്റെ പേരിലും വിലാസത്തിലും ആരംഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളം സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടെ വൻ തട്ടിപ്പ് നടത്തിയിരിക്കുന്നതുമായാണ് ആരോപണം.
പിടിയിലായ രമിത്തിന്റെ ഭാര്യ ചിഞ്ചു കെ.എസ് ആണ് ഇവോക എഡ്യൂ ടെക്കിന്റെ പ്രധാന നടത്തിപ്പുകാരി. ഇവർക്കെതിരെയും ഒട്ടനവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. മലപ്പുറം സ്വദേശി അഫ്ത്താഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുക്കുകയും തുടർന്ന് കോട്ടയം ചിങ്ങവനത്തു നിന്നും മലപ്പുറത്തെത്തി വ്യാഴാഴ്ച വൈകിട്ടോടെ രമിത്തിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
വെറും 5,999 രൂപ മുടക്കിയാൽ അതിന്റെ ഇരട്ടി ലാഭം നേടാം എന്ന പരസ്യത്തിൽ വീണു പോയവരാണ് തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും. 'ബൾക്ക്' എന്ന ലേബലിൽ മുൻകൂർ പണം വാങ്ങി തട്ടിയത് ലക്ഷങ്ങളാണ്. പതിനായിരം രൂപ മുതൽ ലക്ഷങ്ങൾ വരെയാണ് ഒരോ പേരിൽ നിന്നും ഇവർ തട്ടിയെടുത്തതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത തട്ടിപ്പിനിരയായ യുവതി ദ വോയിസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.
പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. കോളേജ് -സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഇന്റേൺഷിപ്പും വിദേശ രാജ്യങ്ങളിൽ ജോലിക്കുള്ള അവസരവും ഉണ്ടാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്തു കുട്ടികളെ ക്യാൻവാസ് ചെയ്യുകയാണ് ഇവരുടെ ആദ്യത്തെ പടി. തുടർന്ന് കോളേജ് അധികൃതരുമായി ബന്ധപ്പെടുകയും ഇവരുടെ കമ്പനി വഴി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് അവസരം നൽകാമെന്ന് വിശ്വസിപ്പിച്ച് കുട്ടികളുടെ ലിസ്റ്റ് ശേഖരിക്കുകയും ചെയ്യും.
5,999 രൂപയാണ് ഇന്റേൺഷിപ്പിന് വേണ്ടി ഒരാളിൽ നിന്ന് ഇവർ ഇടാക്കുന്നത്. തുടർന്ന് അടുത്ത ഘട്ടമായി അപ്നാ പോർട്ടൽ വഴി ടീം മാനേജറിനെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകുകയും അതുവഴി വീട്ടമ്മമാരെയും വിദ്യാർത്ഥികളെയും ഇവർ ജോലിയ്ക്കായി നിയമിക്കുകയും ചെയ്യും. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഒന്നും ആവശ്യമില്ലെന്ന് കാണിച്ചാണ് ഇവർ പരസ്യം ചെയ്യുന്നത്. ഇതുവഴി നിരവധി പേരാണ് ഇവരുടെ തട്ടിപ്പിൽ കുടുങ്ങുന്നത്.
വിവിധ ടീം മാനേജർമാരെ ഇവർ എടുത്തതിനുശേഷം പല വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഇവർ ആരംഭിക്കുകയും അതിൽ കോളേജിൽ നിന്ന് ശേഖരിച്ച വിദ്യാർത്ഥികളുടെ ലിസ്റ്റ് ഇവർക്ക് കൈമാറുകയും ചെയ്യും. തുടർന്ന് ടീം മാനേജർമാരോട് കമ്പനി അധികൃതർ ഇവരെ ബൾക്കായിട്ട്, അതായത് അഞ്ചോ പത്തോ കുട്ടികളെ ഒരുമിച്ച് ഇവരോട് എടുക്കാൻ ആവശ്യപ്പെടുകയും ഇവരുടെ ഇന്റേൺഷിപ്പിന്റെ തുക മുഴുവനായി ടീം മാനേജർമാരോട് അടയ്ക്കാൻ പറയുകയും ചെയ്യും. അതായത് 5,999 രൂപ വീതം ഓരോ കുട്ടിയ്ക്കും വരും. അങ്ങനെ ബൾക്ക് ആയിട്ട് എടുക്കുന്നതു വഴി ലക്ഷങ്ങൾ ആണ് ഓരോ ടീം മാനേജർമാരിൽ നിന്നും കമ്പനി കൈക്കലാക്കുന്നത്.
5,999 രൂപ മുടക്കിയാൽ 15 ദിവസത്തിനുള്ളിൽ ലക്ഷങ്ങൾ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ വരുമെന്ന് വിശ്വസിപ്പിച്ചാണ് ടീം മാനേജർമാരെ ഇവർ ബൾക്ക് എടുക്കാൻ പ്രേരിപ്പിക്കുന്നത്. ഇതിൽ വീട്ടമ്മമാർ ഉൾപ്പെടെ പലരും കൃത്യമായി വീഴുകയും ചെയ്തു.
പലരും 10-20 ലക്ഷങ്ങൾ വരെ കമ്പനിക്ക് കൈമാറി. പക്ഷെ ഒരു രൂപ പോലും ഇവർക്ക് തിരിച്ച് കിട്ടിയിട്ടില്ല. അങ്ങനെയാണ് തട്ടിപ്പിന്റെ വിവരം പുറത്തറിയുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഈ തട്ടിപ്പിൽ അകപ്പെട്ടിട്ടുണ്ട്. 150 ഓളം പേരിൽ നിന്നായി കോടിക്കണക്കിന് രൂപ കമ്പനി തട്ടിയെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം.
What's Your Reaction?






