ഡൽഹി: തൊഴിലുറപ്പു പദ്ധതി പൊളിച്ചെഴുതാനുള്ള വിബി ജി റാം ജി ബില്ല് പാസാക്കി ലോക്സഭ. പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ് ബില്ല് ലോക്സഭ പാസാക്കിയത്. ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്.
മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ശിവരാജ്സിംഗ് ചൗഹാൻ സഭയില്‍ പറഞ്ഞു. പുതിയ ബില്ല് ജനവിരുദ്ധമെന്ന് ആരോപിച്ച് പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെയാണ് ബിൽ ലോക്സഭ പാസ്സാക്കിയത്.
ബിൽ പാസ്സാക്കിയതിന് പിന്നാലെ പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭയിൽ ബില്ലിൻ്റെ കോപ്പി കീറിയെറിഞ്ഞു. തൊഴിലുറപ്പ് പദ്ധതി പൂജ്യ ബാപു ഗ്രാമീൺ റോസ്ഗാർ യോജന എന്ന് പേര് മാറ്റുമെന്നാണ് നേരത്തെ വിവരങ്ങൾ പുറത്ത് വന്നത്. ഇതിനെ ബിജെപി നേതാക്കൾ പരസ്യമായി സ്വാഗതം ചെയ്യുകയും പ്രതിപക്ഷം എതിർക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎ) പേരും ഘടനയും മാറ്റാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍ എന്നാണ് പുതിയ പേര്. വിബി ജി റാം ജി എന്നാവും പദ്ധതിയുടെ ചുരുക്ക പേര്.
പുതിയ ബില്ല് പ്രകാരം തൊഴില്‍ ദിനങ്ങള്‍ നൂറില്‍ നിന്ന് 125 ആക്കി ഉയര്‍ത്തിയേക്കും. പദ്ധതിയില്‍ കേന്ദ്രവിഹിതം കുറയും. 60 ശതമാനം തുക കേന്ദ്രം നല്‍കും. ബാക്കി 40 ശതമാനം സംസ്ഥാനസര്‍ക്കാരുകള്‍ നല്‍കണം. നിലവില്‍ 75 ശതമാനമാണ് കേന്ദ്രം നല്‍കുന്നത്.
അതേസമയം പദ്ധതിക്കായി അംഗീകരിച്ച തൊഴിലുകളിൽ കാര്യമായ മാറ്റമുണ്ട്. വികസിത ഭാരതമെന്ന ലക്ഷ്യത്തോടെ ഗ്രാമങ്ങളിലെ അടിസ്ഥാന വികസനത്തിനായി പൊതുമരാമത്ത് പ്രവർത്തികളെ ശാക്തീകരിക്കാനും, ജല സംരക്ഷണം, അനുബന്ധ ജോലികൾ, ഗ്രാമീണ വികസനം, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികൾ ചെറുക്കാനുള്ള പ്രവർത്തികൾ മുതലായവയാണ് ജോലിയായി അംഗീകരിച്ചിട്ടുള്ളത്.