നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: നീതി തേടി സുമയ്യ നിയമപോരാട്ടത്തിലേക്ക്; സർക്കാർ ജോലി വേണമെന്ന് ആവശ്യം
ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് സർജറിക്ക് വിധേയയായ സുമയ്യയുടെ ശരീരത്തിനുള്ളിൽ 50 സെന്റിമീറ്റർ നീളമുള്ള ഗൈഡ് വയർ കുടുങ്ങുകയായിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സുമയ്യ നീതിക്കായി നിയമനടപടിക്ക് ഒരുങ്ങുന്നു. സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും നൽകാൻ ആരോഗ്യവകുപ്പ് തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാൻ സുമയ്യ തീരുമാനിച്ചത്.
ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് സർജറിക്ക് വിധേയയായ സുമയ്യയുടെ ശരീരത്തിനുള്ളിൽ 50 സെന്റിമീറ്റർ നീളമുള്ള ഗൈഡ് വയർ കുടുങ്ങുകയായിരുന്നു. മാസങ്ങൾക്ക് ശേഷം നടത്തിയ സ്‌കാനിങ്ങിലാണ് ഈ ഗുരുതര വീഴ്ച കണ്ടെത്തിയത്.
മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്ടർമാർ കീഹോൾ ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വയർ ഞരമ്പുകളുമായി ഒട്ടിച്ചേർന്ന നിലയിലായതിനാൽ ഇനി പുറത്തെടുക്കാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ ഇപ്പോൾ വ്യക്തമാക്കുന്നത്.
ഡോക്ടർക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി നിയമസഭയിൽ സമ്മതിച്ചിരുന്നു. എന്നാൽ ഉത്തരവാദിയായ ഡോക്ടർക്കെതിരെ നടപടിയെടുക്കാനോ സുമയ്യയ്ക്ക് സഹായം നൽകാനോ സർക്കാർ തയ്യാറായില്ല.
ശരീരത്തിനുള്ളിൽ വിദേശ വസ്തു ഇരിക്കുന്നത് മൂലം തനിക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടെന്നും എന്നാൽ ആശുപത്രി അധികൃതർ ഇത് ഗൗരവമായി കാണുന്നില്ലെന്നും സുമയ്യ ആരോപിക്കുന്നു. മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നേരിട്ട് പരാതി നൽകിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയിൽ കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചത്.
തനിക്ക് നേരിട്ട ദുരവസ്ഥയ്ക്ക് പകരമായി സർക്കാർ ജോലിയും ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്ത് മതിയായ നഷ്ടപരിഹാരവും നൽകണമെന്നാണ് സുമയ്യയുടെ പ്രധാന ആവശ്യം.
What's Your Reaction?