അമേരിക്കയിൽ ഇന്ത്യൻ വംശജയെ മുൻകാമുകൻ കുത്തിക്കൊലപ്പെടുത്തി; പ്രതി ഇന്ത്യയിലേക്ക് കടന്നതായി സംശയം
കൊലപാതകത്തിന് ശേഷം പ്രതി ഇന്ത്യയിലേക്ക് കടന്നതായാണ് ഹൊവാർഡ് കൗണ്ടി പോലീസിന്റെ പ്രാഥമിക നിഗമനം
ന്യൂയോർക്ക്: പുതുവത്സര ദിനത്തിൽ കാണാതായ ഇന്ത്യൻ വംശജയായ യുവതി നികിത ഗോഡിശാലയെ (27) മെരിലാൻഡിലെ എല്ലികോട്ട് സിറ്റിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുൻകാമുകനായ അർജുൻ ശർമയുടെ (26) അപ്പാർട്ടുമെന്റിലാണ് കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി ഇന്ത്യയിലേക്ക് കടന്നതായാണ് ഹൊവാർഡ് കൗണ്ടി പോലീസിന്റെ പ്രാഥമിക നിഗമനം.
ഡിസംബർ 31-ന് രാത്രി നികിതയെ തന്റെ അപ്പാർട്ടുമെന്റിൽ കണ്ടിരുന്നുവെന്നും പിന്നീട് കാണാതായെന്നും കാണിച്ച് ജനുവരി രണ്ടിന് അർജുൻ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെ അർജുൻ ഡാലസ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടന്നതായി പോലീസ് കണ്ടെത്തി. അന്വേഷണം വഴിതിരിച്ചുവിടാനാണ് ഇയാൾ തന്നെ പരാതി നൽകിയതെന്ന് കരുതപ്പെടുന്നു.
ജനുവരി മൂന്നിന് അർജുന്റെ അപ്പാർട്ടുമെന്റിൽ പോലീസ് നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ച നിലയിൽ നികിതയുടെ മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 31-ന് വൈകുന്നേരം ഏഴ് മണിയോടെയാകാം കൊലപാതകം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഡേറ്റ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റായി ജോലി ചെയ്തിരുന്ന നികിതയെ കൊലപ്പെടുത്തിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അർജുനെ കണ്ടെത്താനായി അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
What's Your Reaction?

