ഉഷയുടെ വയറ്റിൽനിന്ന് അഞ്ചുവർഷത്തിന് ശേഷം കത്രിക പുറത്തെടുത്തു; ശസ്ത്രക്രിയ പൂർത്തിയായി

കേസന്വേഷണത്തിന്റെ ഭാഗമായി കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്

Feb 21, 2026 - 15:28
Feb 21, 2026 - 15:29
 0
ഉഷയുടെ വയറ്റിൽനിന്ന് അഞ്ചുവർഷത്തിന് ശേഷം കത്രിക പുറത്തെടുത്തു; ശസ്ത്രക്രിയ പൂർത്തിയായി

കൊച്ചി: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക ഒടുവിൽ പുറത്തെടുത്തു. പുന്നപ്ര സ്വദേശി ഉഷാ ജോസഫുകുട്ടിയെ (51) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. വയറ്റിൽനിന്ന് നീക്കം ചെയ്ത കത്രിക അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി. കേസന്വേഷണത്തിന്റെ ഭാഗമായി കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. 

ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന അറ്റം വളഞ്ഞ 'ആർട്ടെറി ഫോർസെപ്‌സ്' എന്ന ഉപകരണമാണ് വയറ്റിൽ നിന്ന് കണ്ടെടുത്തത്. ഇത് നിലവിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന തൊണ്ടിമുതലാണ്. 2021 മേയ് 10-ന് വണ്ടാനം മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക വയറ്റിൽ കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിട്ടുമാറാത്ത വയറുവേദനയും മൂത്രത്തിൽ രക്തവും കലർന്നു വരുന്നതും പതിവായിരുന്നു. പല ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും കഴിഞ്ഞ ബുധനാഴ്ച എടുത്ത എക്സ്-റേയിലാണ് വയറ്റിൽ ലോഹവസ്തു ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. 

വിവരം പുറത്തുപറയരുതെന്ന് ചില ഡോക്ടർമാർ ഭീഷണിപ്പെടുത്തിയതായി ഉഷയുടെ കുടുംബം ആരോപിച്ചിരുന്നു. സംഭവം വലിയ വാർത്തയായതോടെ ആരോഗ്യവകുപ്പ് അന്വേഷണം നടത്തി വീഴ്ച സമ്മതിച്ചു. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം മൂലമുണ്ടായ പിഴവാണെന്നാണ് വിശദീകരണം. സംഭവത്തിൽ വീഴ്ച വരുത്തിയ ഡോ. ജെ. ഷാഹിദ, നഴ്‌സ് പി.എസ്. ധന്യ എന്നിവരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.

What's Your Reaction?

like

dislike

love

funny

angry

sad

wow