ഇന്ന് ജൂലൈ 18, നെല്‍സണ്‍ മണ്ടേല ദിനം
യുണൈറ്റഡ് നേഷൻസ് 2010 ജൂലായ് 18 നാണ് ആദ്യ മണ്ടേലദിനം ആഘോഷിച്ചത്

നെൽസൺ മണ്ടേലയുടെ ബഹുമാനാർഥം ആഘോഷിക്കുന്ന ഒരു അന്താരാഷ്ട്രദിനമാണ് മണ്ടേല ദിനം അല്ലെങ്കിൽ നെൽസൺ മണ്ടേല ദിനം. മണ്ടേലയുടെ ജന്മദിനമായ ജൂലായ് 18 നാണ് മണ്ടേലദിനം ആഘോഷിക്കുന്നത്. 2009 ലാണ് യുണൈറ്റഡ് നേഷൻസ് (യു.എന്‍.) ഇത് ഔദ്യോഗികമായി ആഘോഷിച്ചുതുടങ്ങിയത്. യുണൈറ്റഡ് നേഷൻസ് 2010 ജൂലായ് 18 നാണ് ആദ്യ മണ്ടേലദിനം ആഘോഷിച്ചത്. മറ്റു ഗ്രൂപ്പുകൾ 2009 ജൂലൈ 18 മുതല്‍ ഈ ദിനം ആഘോഷിച്ചുതുടങ്ങി.
2009 ഏപ്രിൽ 27 ന് നെൽസൺ മണ്ടേല ഫൗണ്ടേഷനും 46664 കൺസേർട്ട്സും മണ്ടേല ദിനത്തിൽ പങ്കുചേരാനായി ആഗോള സമൂഹത്തിന് ആഹ്വാനം നൽകി. മണ്ടേല ദിനം ഒരു പൊതു ഒഴിവുദിനമല്ല. ഇത് ദക്ഷിണാഫ്രിക്കയുടെ മുൻപ്രസിഡന്റിന്റെ ബഹുമാനാർഥം അദ്ദേഹത്തിന്റെ ചിന്തകളും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാനായി ആഘോഷിക്കുന്ന ദിനമാണ്. സമൂഹത്തിന് സേവനം ചെയ്തുകൊണ്ടാണ് ഈ ദിനം ആഘോഷിക്കുന്നത്.
ആഗോളമായി പ്രവർത്തിക്കാനുള്ള ആഹ്വാനമാണ് മണ്ടേലദിനം മുന്നോട്ടുവയ്ക്കുന്നത്. ഓരോ മനുഷ്യനും ലോകം മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്നും ഒരു പ്രഭാവം ഉണ്ടാക്കാമെന്നുമുള്ള ആശയമാണ് മണ്ടേല ദിനം മുന്നോട്ടുവയ്ക്കുന്നത്. വർണ്ണ-വംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ച മണ്ടേല 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു.
1993-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഫ്രഡറിക് ഡിക്ലർക്കിനോടൊപ്പം പങ്കിട്ടു. ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി 1990 ൽ ഭാരതസർക്കാർ മണ്ടേലയെ ആദരിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയനുമായിരുന്നു അദ്ദേഹം. ലോങ് വോക് റ്റു ഫ്രീഡം ആണ് ആത്മകഥ
What's Your Reaction?






