വാഷിംഗ്ടണ്‍: താരിഫ് വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതിയുടെ വിധി. അടിയന്തര സാമ്പത്തിക സാഹചര്യത്തിലാണ് താരിഫുകള്‍ പ്രഖ്യാപിച്ചതെന്ന ട്രംപിന്റെ വാദം കോടതി തള്ളി.
താരിഫ് ചുമത്താന്‍ പ്രസിഡന്റ് ട്രംപിന് നിയമപരമായി അധികാരമില്ലെന്ന് കോടതി പറഞ്ഞു. തീരുവകൾ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടന അനുസരിച്ച് നിയമനിർമാണ സഭക്ക് മാത്രമാണ്. അപ്പീല്‍ നല്‍കുന്നതിന് ഭരണകൂടത്തിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ 14നുള്ളില്‍ സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാം. അതുവരെ വിധി പ്രാബല്യത്തില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി.
അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകള്‍ നടപ്പാക്കുമെന്ന ട്രംപിന്റെ തീരുമാനം യുഎസ് ഫെഡറല്‍ അപ്പീൽ കോടതി 7 -4 ഭൂരിപക്ഷ വിധിയിലൂടെയാണ് തള്ളിയത്. ട്രംപിന്റെ നടപടി യുഎസ് ഭരണഘടനാ ലംഘനമാണെന്നായിരുന്നു അന്താരാഷ്ട്ര വ്യാപാര കോടതി നേരത്തേ വിധിച്ചിരുന്നത്.