റാപ്പർ വേടൻ കുടുങ്ങി; കൈവശം വച്ചിരുന്നത് യഥാർത്ഥ പുലിപ്പല്ലെന്ന് പരിശോധനാ ഫലം, കേസിൽ നിർണായക വഴിത്തിരിവ്
കൊച്ചി: വിവാദമായ പുലിപ്പല്ല് കേസില്‍ മലയാളി റാപ്പര്‍ വേടന് കനത്ത തിരിച്ചടി. വേടനില്‍ നിന്ന് വനംവകുപ്പ് പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ല് തന്നെയെന്ന് ശാസ്ത്രീയ പരിശോധനയിൽ ഒടുവില്‍ സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ സുവോളിജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ലാബില്‍ നടത്തിയ വിദ്ഗ്ദ്ധ പരിശോധനയിലാണ് ഇത് പുലിപ്പല്ല് തന്നെയെന്ന് തെളിഞ്ഞത്. പരിശോധനാ ഫലം പുറത്തുവന്ന സാഹചര്യത്തില്‍ കേസില്‍ വനംവകുപ്പ് ഉടന്‍ തന്നെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊച്ചിയിലെ വേടന്റെ ഫ്ലാറ്റിൽ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ സ്ക്വാഡ് പ്രത്യേക പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡിനിടെയാണ് ഫ്ലാറ്റിൽ നിന്നും സംശയാസ്പദമായ രീതിയിൽ പുലിപ്പല്ല് ഘടിപ്പിച്ച മാല കണ്ടെടുത്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് വരുന്നതിനാൽ പൊലീസ് ഈ വിവരം വനംവകുപ്പിന് കൈമാറുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇത് പുലിപ്പല്ലാണെന്ന് വ്യക്തമാവുകയും വേടന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. നിലവിൽ ഈ കേസിൽ വേടന് ജാമ്യം ലഭിച്ചിട്ടുണ്ട്. കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അന്ന് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ പുതിയ ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നതോടെ റാപ്പർ വേടൻ വീണ്ടും നിയമക്കുരുക്കിലായിരിക്കുകയാണ്.
What's Your Reaction?

