സതീശൻ മന്ത്രിസഭയിൽ ആരെല്ലാം? ലീഗിൽ അഞ്ചാം മന്ത്രിയെച്ചൊല്ലി വൻ തർക്കം; അണിയറയിൽ ചരടുവലികൾ മുറുകുന്നു!
തിരുവനന്തപുരം∙ വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് മന്ത്രിസഭ അധികാരമേൽക്കാനൊരുങ്ങുമ്പോൾ ഘടകകക്ഷികളിലും കോൺഗ്രസിലും മന്ത്രിസ്ഥാനങ്ങൾക്കായുള്ള ചർച്ചകൾ സജീവമായി. നിയുക്ത മന്ത്രിസഭയിൽ കോൺഗ്രസിൽ നിന്ന് ആറുപേർ സീറ്റ് ഉറപ്പിച്ചതായാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അമർഷത്തിലായിരുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം സുപ്രധാനമായ ആഭ്യന്തര വകുപ്പ് നൽകിയേക്കും. സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, എം. ലിജു, പി.സി. വിഷ്ണുനാഥ് എന്നിവരാണ് കോൺഗ്രസിൽ നിന്ന് മന്ത്രിസ്ഥാനം ഉറപ്പിച്ച മറ്റ് പ്രമുഖർ.
അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന മുസ്‌ലിം ലീഗിൽ പി.കെ. കുഞ്ഞാലിക്കുട്ടി (വ്യവസായം, ഐടി), പി.കെ. ബഷീർ (പൊതുമരാമത്ത്), എൻ. ഷംസുദ്ദീൻ (വിദ്യാഭ്യാസം), കെ.എം. ഷാജി (തദ്ദേശഭരണം) എന്നിവരുടെ പേരുകൾ ഏകദേശം തീരുമാനമായിട്ടുണ്ട്. എന്നാൽ ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തെ ചൊല്ലി തർക്കം നിലനിൽക്കുകയാണ്. തെക്കൻ കേരളത്തെ പ്രതിനിധീകരിച്ച് വി.ഇ. അബ്ദുൽ ഗഫൂറിനെ നഗരാസൂത്രണ മന്ത്രിയാക്കണമെന്ന ആവശ്യത്തിന് സാദിഖലി ശിഹാബ് തങ്ങളുടെ പിന്തുണയുണ്ട്. അതേസമയം കോഴിക്കോട്, കാസർകോട് ജില്ലകളിൽ നിന്നും ശക്തമായ അവകാശവാദങ്ങൾ ഉയരുന്നുണ്ട്. ആർഎസ്പിയിൽ നിന്ന് ഷിബു ബേബി ജോണും സിഎംപിയിൽ നിന്ന് സി.പി. ജോണും മന്ത്രിമാരാകും. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങൾക്കായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. മോൻസ് ജോസഫ്, അപു ജോസഫ്, തോമസ് ഉണ്ണിയാടൻ എന്നിവരാണ് പരിഗണനയിലുള്ളത്.
102 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായ രീതിയിലാണ് ഒരുക്കുന്നത്. 12,000 പേർക്ക് ഇരിക്കാവുന്ന പന്തലിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ചടങ്ങിൽ പങ്കെടുക്കാൻ അമ്പതിനായിരത്തോളം ആളുകൾ എത്തുമെന്നാണ് പൊതുഭരണ വകുപ്പിന്റെ കണക്കുകൂട്ടൽ.
What's Your Reaction?



