ചാത്തന്നൂരിൽ ചരിത്രം തിരുത്തി ബിജെപി; പത്തു വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ബി.ബി ഗോപകുമാറിന് വിജയം
കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ഐതിഹാസിക വിജയം കൈവരിച്ച് ബിജെപി വീണ്ടും നിയമസഭയിൽ സാന്നിധ്യമറിയിച്ചു. എൻഡിഎ സ്ഥാനാർഥി ബി.ബി. ഗോപകുമാറിലൂടെയാണ് ചാത്തന്നൂർ മണ്ഡലം ബിജെപി പിടിച്ചെടുത്തത്. കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിൽ സിപിഐ നിലനിർത്തിയിരുന്ന ആധിപത്യത്തിനാണ് ഇതോടെ അന്ത്യമായത്.
എൽഡിഎഫ് സ്ഥാനാർഥി ആർ. രാജേന്ദ്രനെയും യുഡിഎഫിന്റെ സൂരജ് രവിയെയും പിന്തള്ളിയാണ് ഗോപകുമാർ വിജയക്കൊടി പാറിച്ചത്. 2016-ലും 2021-ലും രണ്ടാം സ്ഥാനത്തെത്തിയ ഗോപകുമാർ, മൂന്നാം വട്ടമാണ് മണ്ഡലത്തെ പ്രതിനിധീകരിക്കാൻ ജനവിധി തേടിയത്. ബിജെപിയുടെ മുൻ ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ മണ്ഡലത്തിലുള്ള സ്വാധീനവും ചിട്ടയായ പ്രവർത്തനവുമാണ് ഈ അട്ടിമറി വിജയത്തിന് വഴിതെളിച്ചത്.
"മാറാത്തത് മാറിയെന്നും, അടിയൊഴുക്കുകളെയും എൽഡിഎഫ്-യുഡിഎഫ് രഹസ്യ ധാരണകളെയും അതിജീവിച്ചാണ് ഈ വിജയം" എന്നും ബി.ബി ഗോപകുമാർ പ്രതികരിച്ചു. 2011 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ജി.എസ്. ജയലാലിന് ശേഷം ഇടതുകോട്ട തകർക്കാൻ സാധിച്ചത് ബിജെപി ക്യാമ്പുകളിൽ വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്.
What's Your Reaction?