ആര്‍.എസ്.എസ്. ക്രിസ്ത്യാനികളെ ഉന്നം വയ്ക്കാൻ അധികം വൈകില്ല: രാഹുല്‍ ഗാന്ധി
സർക്കാർ കഴിഞ്ഞാൽ വഖഫ് ബോർഡിനല്ല കൂടുതൽ ഭൂമി കത്തോലിക്ക സഭക്കാണെന്നാണ് ലേഖനത്തിൽ പറയുന്നത്.

ന്യൂഡല്‍ഹി: വഖഫ് ബിൽ മറ്റ് സമുദായങ്ങളെയും ഉന്നം വയ്ക്കുമെന്ന് താൻ പറഞ്ഞത് ശരിയാകുന്നുവെന്ന് രാഹുൽ ഗാന്ധി. ആർഎസ്എസ് ക്രിസ്ത്യാനികളെ ഉന്നം വയ്ക്കാൻ അധികം വൈകില്ല, ഭരണഘടനയാണ് ഏക ആശ്രയമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ സ്വത്ത് സംബന്ധിച്ച ഓർഗനൈസർ ലേഖനം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ കുറിപ്പ്. തൊട്ടുപിന്നാലെ വിവാദ ലേഖനം ഓർഗനൈസർ പിന്‍വലിച്ചു. ഏപ്രിൽ 3 നാണ് ഓര്‍ഗനൈസര്‍ ലേഖനം പ്രസിദ്ധീകരിച്ചത്. സർക്കാർ കഴിഞ്ഞാൽ വഖഫ് ബോർഡിനല്ല കൂടുതൽ ഭൂമി കത്തോലിക്ക സഭക്കാണെന്നാണ് ലേഖനത്തിൽ പറയുന്നത്.
വഖഫ് ബില്‍ ഇപ്പോള്‍ മുസ്ലീങ്ങളെയാണ് ആക്രമിക്കുന്നതെന്നും പക്ഷെ, ഭാവിയില്‍ അത് മറ്റ് സമുദായങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനുള്ള ഒരു മാതൃക സൃഷ്ടിക്കുന്നതാണെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആര്‍എസ്എസ് ക്രിസ്ത്യാനികളിലേക്ക് ശ്രദ്ധ തിരിക്കാന്‍ അധികനാള്‍ വേണ്ടിവന്നില്ല. അത്തരം ആക്രമണങ്ങളില്‍ നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. അതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും രാഹുല്‍ തന്റെ പോസ്റ്റില്‍ പറഞ്ഞു.
What's Your Reaction?






