ഡൽഹി: തെരുവുനായ വിഷയത്തിൽ വിമർശനവുമായി സുപ്രീംകോടതി. തെരുവുനായ്ക്കളെ പിടി കൂടി വന്ധ്യംകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ സത്യവാങ്മൂലം സമർപ്പിക്കാത്തതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.
കൂടാതെ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് സെക്രട്ടറിമാർ ഹാജരാകണമെന്നാണ് നിർദേശം. വന്ദീകരണമടക്കം നടപ്പാക്കാത്തതില്‍ വിശദീകരണം തേടിയാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്.
രണ്ടുമാസം മുമ്പ് നൽകിയ നോട്ടീസിനാണ് മറുപടി തരാൻ വൈകുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു. ആക്രമണം സംബന്ധിയായ നോട്ടീസിന് രണ്ട് സംസ്ഥാനങ്ങളും ഡൽഹി മുനിസിപ്പൽ കോപ്പറേഷനും മാത്രമാണ് ഇതുവരെ മറുപടി സമർപ്പിച്ചത്.
സത്യവാങ്മൂലം സമർപ്പിക്കാത്ത എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നവംബർ 3ന് നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തെരുവുനായ പ്രശ്‌നത്തിൽ കടുത്ത അതൃപ്തിയാണ് സുപ്രീം കോടതി രേഖപ്പെടുത്തിയത്.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിദേശരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ന്നുവെന്നും തുടർച്ചയായി തെരുവുനായ പ്രശ്നങ്ങൾ ആവർത്തിക്കുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.