നൂറ്റാണ്ടിന്‍റെ പെരുമയിൽ സെന്‍റ് തെരേസാസ് കോളജ്: രാഷ്ട്രപതി ഇന്ന് കൊച്ചിയിൽ; നഗരത്തിൽ ഗതാഗത നിയന്ത്രണം

രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണവും ഡ്രോൺ പറത്തുന്നതിന് വിലക്കും ഏർപ്പെടുത്തി

Oct 24, 2025 - 11:17
Oct 24, 2025 - 11:17
 0
നൂറ്റാണ്ടിന്‍റെ പെരുമയിൽ സെന്‍റ് തെരേസാസ് കോളജ്: രാഷ്ട്രപതി ഇന്ന് കൊച്ചിയിൽ; നഗരത്തിൽ ഗതാഗത നിയന്ത്രണം

കൊച്ചി: നൂറ്റാണ്ടിന്റെ പെരുമയുമായി നിൽക്കുന്ന എറണാകുളം സെന്റ് തെരേസാസ് കോളജ്, തങ്ങളുടെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ വരവേൽക്കാൻ ഒരുങ്ങി. രാഷ്ട്രപതി മുഖ്യാതിഥിയായി എത്തുന്ന ചടങ്ങിനായുള്ള പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളെല്ലാം കോളജിൽ പൂർത്തിയായി. രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണവും ഡ്രോൺ പറത്തുന്നതിന് വിലക്കും ഏർപ്പെടുത്തി.

രാഷ്ട്രപതിയുടെ യാത്രാക്രമം

കോട്ടയത്തു നിന്ന് രാവിലെ 11.30ന് ഹെലികോപ്റ്ററിൽ നാവികസേനാ ഹെലിപ്പാഡിൽ (Naval Base Helipad) വന്നിറങ്ങുന്ന രാഷ്ട്രപതി, 11.55ന് സെന്റ് തെരേസാസ് കോളജിലെത്തും. ശതാബ്ദി ആഘോഷച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷം റോഡ് മാർഗം നാവികസേനാ ഹെലിപ്പാഡിലേക്ക് മടങ്ങും. ഉച്ചയ്ക്ക് 1.20ന് നാവിക സേനാ ഹെലിപ്പാഡിൽ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് തിരിക്കും. 1.55ന് കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിക്കും. രാഷ്ട്രപതിയുടെ സുരക്ഷ കണക്കിലെടുത്ത് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

തോപ്പുംപടി ബിഒടി പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ ജംഗ്ഷനിലെത്തി, ഇടത്തേക്ക് തിരിഞ്ഞ് വൈറ്റില ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കടവന്ത്ര ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കെ.കെ. റോഡിലൂടെ കലൂർ ജംഗ്ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോടതി ജംഗ്ഷനിലെത്തി കണ്ടെയ്‌നർ റോഡ് ഭാഗത്തേക്ക് പോകണം. (അല്ലെങ്കിൽ ഫോർട്ട്കൊച്ചി – വൈപ്പിൻ ജങ്കാർ സർവ്വീസ് ഉപയോഗിക്കാം).

ചെറിയ വാഹനങ്ങൾ പണ്ഡിറ്റ് കറുപ്പൻ റോഡിലൂടെ മട്ടമ്മൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പനമ്പിള്ളി നഗർ വഴി മനോരമ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് കെ.െക. റോഡിലൂടെ കലൂർ ജംഗ്ഷനിലെത്തി പോകണം.

ഹൈക്കോടതി ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കലൂർ ജംഗ്ഷനിലെത്തി കെ.കെ റോഡിലൂടെ കടവന്ത്ര ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് സഹോദരൻ അയ്യപ്പൻ റോഡിലൂടെ വൈറ്റിലയിൽ എത്തി കുണ്ടന്നൂർ ജംഗ്ഷനിൽ നിന്നും കുണ്ടന്നൂർ പാലം വഴി തോപ്പുംപടി ഭാഗത്തേക്ക് പോകണം. (അല്ലെങ്കിൽ ഫോർട്ട്കൊച്ചി – വൈപ്പിൻ ജങ്കാർ സർവ്വീസ് ഉപയോഗിക്കാം).

വി.വി.ഐ.പി. വാഹനവ്യൂഹം കടന്നുപോകുന്ന വഴിയിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന എല്ലാ വാഹന പാർക്കിങ്ങും പൂർണ്ണമായും നിരോധിച്ചു. നഗരത്തിൽ സമ്പൂർണ ഡ്രോൺ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഉച്ചയ്ക്ക് 12.10നാണ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ ശതാബ്ദി ആഘോഷച്ചടങ്ങുകൾ ആരംഭിക്കുക. ക്ഷണിക്കപ്പെട്ട 1632 പേർക്കാണ് ചടങ്ങിൽ പ്രവേശനം. 839 വിദ്യാർഥികൾ, 220 എൻഎസ്എസ്-എൻസിസി വോളൻ്റിയർമാർ, 225 അധ്യാപകർ, 200-ൽ അധികം വിവിഐപികൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

സിഎസ്ഐ പള്ളി വളപ്പ് (മാധ്യമപ്രവർത്തകർ), കെടിഡിസി വളപ്പ് (സർക്കാർ ഉദ്യോഗസ്ഥർ), എറണാകുളത്തപ്പൻ ഗ്രൗണ്ട് (മറ്റു ക്ഷണിക്കപ്പെട്ട അതിഥികൾ) എന്നിവിടങ്ങളിലാണ് വാഹന പാർക്കിങ് സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow