പീരുമേട് എം.എൽ.എ.യും മുതിർന്ന സി.പി.ഐ. നേതാവുമായ വാഴൂർ സോമൻ അന്തരിച്ചു; പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണു
തിരുവനന്തപുരത്ത് പി.ടി.പി. നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് എം.എല്‍.എ. കുഴഞ്ഞുവീണത്

തിരുവനന്തപുരം: പീരുമേട് എം.എൽ.എ.യും മുതിർന്ന സി.പി.ഐ. നേതാവുമായ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് പി.ടി.പി. നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് എം.എല്‍.എ. കുഴഞ്ഞുവീണത്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഉടൻതന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
1974 മുതൽ പൊതുരംഗത്തെത്തിയ വാഴൂർ സോമൻ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി എം.എൽ.എ.യായി തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടിനാണ് വാഴൂർ സോമൻ പരാജയപ്പെടുത്തിയത്.
കോട്ടയത്തെ വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി 1952 സെപ്തംബർ 14നാണ് വാഴൂർ സോമന്റെ ജനനം. എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവർത്തക സമിതി അംഗവുമായിരുന്നു. മരണ വിവരമറിഞ്ഞ് മുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും സ്ഥലത്തെത്തിയിട്ടുണ്ട്. ഭാര്യ: ബിന്ദു സോമൻ. മക്കൾ: സോബിൻ, സോബിത്ത്.
ഭൗതികശരീരം ഏഴു മണിക്ക് എംഎന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് രാത്രി തന്നെ വണ്ടിപ്പെരിയാറിലേക്കു കൊണ്ടുപോകും. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആശുപത്രിയില്‍ എത്തിയിരുന്നു.
What's Your Reaction?






