ഓപ്പറേഷന്‍ ഡി ഹണ്ട്: ഒരു മാസത്തിനകം അറസ്റ്റ് ചെയ്തത് 7,307 പേരെ
സംസ്ഥാന പോലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഡിഹണ്ട് സ്‌പെഷ്യല്‍ ഡ്രൈവ് ഒരു മാസം പിന്നിട്ടു.

തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള ഓപ്പറേഷന്‍ ഡി ഹണ്ടിലൂടെ ഒരു മാസത്തിനകം അറസ്റ്റ് ചെയ്തത് 7307 പേരെ. ലഹരിവസ്തുക്കളുടേയും എം.ഡി.എം.എ. പോലുള്ള രാസലഹരി മരുന്നുകളുടെയും വിപണനവും ഉപയോഗവും തടയുന്നതിനും അതിലൂടെ ഉണ്ടാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും സംസ്ഥാന പോലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഡിഹണ്ട് സ്‌പെഷ്യല്‍ ഡ്രൈവ് ഒരു മാസം പിന്നിടുകയാണ്.
സംസ്ഥാനവ്യാപകമായി 70277 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 7038 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസ്സുകളില്‍ മാരക മയക്കുമരുന്നുകളായ 3.952 കി.ഗ്രാം എം.ഡി.എം.എ, 461.52 കി.ഗ്രാം കഞ്ചാവും, 5132 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു.
മയക്കുമരുന്നിനെതിരെ എക്സൈസ് സേന നടപ്പിലാക്കിയ ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിലൂടെ സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ രണ്ട് ആഴ്ചയ്ക്കിടെ പിടിയിലായത് 873 പേര്‍. മയക്കുമരുന്ന് വ്യാപനത്തിനെതിരെ പഴുതടച്ച പ്രതിരോധം സാധ്യമാക്കിയ എക്സൈസ് സേനയെ തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അഭിനന്ദിച്ചു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം വരുന്ന ആഴ്ച കൂടുതല്‍ ശക്തമാക്കാനും അതിര്‍ത്തിയില്‍ കര്‍ശന ജാഗ്രത തുടരാനും മന്ത്രി നിര്‍ദേശം നല്‍കി.
What's Your Reaction?






