കുത്തിവെയ്പ്പെടുത്തു, ഉറക്കത്തിലായ കുട്ടി ഉണര്‍ന്നില്ല, ചികിത്സയിലായിരുന്ന ഒൻപത് വയസുകാരി മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം
രോഷാകുലരായ ബന്ധുക്കൾ സ്വകാര്യ ആശുപത്രി അധികാരികളോട് തട്ടിക്കയറുകയും ആശുപത്രിയുടെ ജനൽ ചില്ലുകൾ തല്ലിത്തകർക്കുകയും ചെയ്തു.

കായംകുളം: ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപത് വയസുകാരി മരിച്ചു. ചേരാവള്ളി ചിറക്കടവം ലക്ഷ്മി ഭവനത്തിൽ അജിത്തിന്റെയും ശരണ്യയുടെയും മകൾ ആദി ലക്ഷ്മി (9) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. പനിയും വയറുവേദനയുമായാണ് കുട്ടിയെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കാനിങ്ങിലും മറ്റു പരിശോധനകളിലും കുട്ടിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നതായി കുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
ഇന്ന് രാവിലെ കുത്തിവയ്പ് എടുത്തതോടെ കുട്ടി ഉറക്കത്തിലാകുകയും ഉണരാതെ വന്നതോടെ ഡോക്ടർ പരിശോധിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഇതോടെ രോഷാകുലരായ ബന്ധുക്കൾ സ്വകാര്യ ആശുപത്രി അധികാരികളോട് തട്ടിക്കയറുകയും ആശുപത്രിയുടെ ജനൽ ചില്ലുകൾ തല്ലിത്തകർക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഗവ. എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ആദി ലക്ഷ്മി.
What's Your Reaction?






