കേരളത്തിൽ ബാലവിവാഹങ്ങളുടെ എണ്ണം വർധിച്ചു, കൂടുതല്‍ തൃശൂരില്‍

2025 ജനുവരി 15 വരെ സംസ്ഥാനത്ത് 18 ശൈശവ വിവാഹങ്ങൾ നടന്നു

Oct 11, 2025 - 21:14
Oct 11, 2025 - 21:14
 0
കേരളത്തിൽ ബാലവിവാഹങ്ങളുടെ എണ്ണം വർധിച്ചു, കൂടുതല്‍ തൃശൂരില്‍

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് 2024-25 കാലയളവിൽ കേരളത്തിൽ ബാലവിവാഹങ്ങളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകൾ പ്രകാരം, 2025 ജനുവരി 15 വരെ സംസ്ഥാനത്ത് 18 ശൈശവ വിവാഹങ്ങൾ നടന്നു. ഇത് 2023-24-ൽ 14 ഉം 2022-23-ൽ 12 ഉം ആയിരുന്നു.

ഈ വർഷം ഏറ്റവും കൂടുതൽ ബാലവിവാഹങ്ങൾ റിപ്പോർട്ട് ചെയ്തത് തൃശൂർ ജില്ലയിലാണ്. ഈ 18 കേസുകളിൽ 10 എണ്ണവും തൃശൂരിൽ നിന്നാണ്. തൃശൂർ: 10, മലപ്പുറം: 3, പാലക്കാട്: 2, തിരുവനന്തപുരം, ആലപ്പുഴ, വയനാട്: ഒരോ കേസ് വീതം. 

ബാലവിവാഹ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നത് മലപ്പുറത്താണ്. ഇതിന്റെ ഫലമായി 2022-23 ല്‍ 56 ബാലവിവാഹങ്ങള്‍ തടയാന്‍ കഴിഞ്ഞു. 2023-24 ല്‍ 21, 2024-25 ല്‍ 17, 2024-25 ല്‍ എട്ട് ബാലവിവാഹങ്ങളും തടയാന്‍ കഴിഞ്ഞു. കൃത്യമായ ഇടപെടലുണ്ടായതിനെത്തുടര്‍ന്ന് ഇടുക്കിയില്‍ ഒരു കേസു പോലും റിപ്പോര്‍ട്ട് ചെയ്തില്ല. 

തൃശൂരില്‍ മൂന്ന് സംഭവങ്ങള്‍ മാത്രമാണ് തടയാന്‍ കഴിഞ്ഞത്. ചില വീടുകളിലെ സാമ്പത്തിക അസ്ഥിരത, ചില ഗ്രാമീണ പ്രദേശങ്ങളില്‍ ശൈശവ വിവാഹത്തിന് നിലനില്‍ക്കുന്ന സാമൂഹിക സ്വീകാര്യത എന്നിവ കാരണങ്ങളാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 2500 രൂപ പ്രതിഫലം നൽകുന്ന 'പൊൻവാക്ക്' പദ്ധതി പ്രകാരം 2024-25 ൽ 10 കേസുകളാണ് തടയാൻ കഴിഞ്ഞത്.

റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവിന് കാരണം നിരീക്ഷണം ശക്തമാക്കിയതാണെന്ന് വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിൽ പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow