തിരുവനന്തപുരം: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പൾസ് പോളിയോ വിതരണം ഇന്ന് (ഒക്ടോബർ 12) നടക്കും.തിരുവനന്തപുരം ജില്ലയിൽ 1,88,965 കുട്ടികൾക്കാണ് പൾസ് പോളിയോ വിതരണം ചെയ്യുക. ഇതിനായി തിരുവനന്തപുരം ജില്ലയിൽ 2,415 ബൂത്തുകൾ സജ്ജമാക്കി.
ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്‌കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിലായി 2,357 ബൂത്തുകളും ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലായി 46 ട്രാൻസിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ, ക്യാമ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 12 മൊബൈൽ യൂണിറ്റുകളും കേന്ദ്രീകരിച്ച് തുള്ളിമരുന്ന് വിതരണം ചെയ്യുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ തുള്ളിമരുന്ന് വിതരണം ചെയ്യും.
എല്ലാ രക്ഷാകര്‍ത്താക്കളും അഞ്ച് വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കി പോളിയോ നിര്‍മ്മാര്‍ജ്‌ജന തീവ്രയജ്ഞത്തില്‍ പങ്കാളികളാകണമെന്നും എന്തെങ്കിലും കാരണത്താല്‍ തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഭവന സന്ദര്‍ശന വേളയില്‍ തുള്ളിമരുന്ന് നൽകുന്നതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
സംസ്ഥാനത്തെ 21,11,010 കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. 44,766 വോളണ്ടിയർമാർ ബൂത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പോളിയോ നിർമ്മാർജ്ജന തീവ്രയജ്ഞത്തിൽ പങ്കാളികളാകാൻ എല്ലാ രക്ഷിതാക്കളോടും മന്ത്രി അഭ്യർഥിച്ചു.
ഒക്ടോബര്‍ 12-ന് ബൂത്തുകളില്‍ തുളളിമരുന്ന് നല്‍കാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ക്ക് ഒക്ടോബര്‍ 13, 14 തീയതികളില്‍ വോളണ്ടിയര്‍മാര്‍ വീടുകളില്‍ എത്തി തുള്ളിമരുന്ന് നല്‍കും. തദ്ദേശസ്വയംഭരണം, വനിതാ ശിശുവികസനം തുടങ്ങിയ വകുപ്പുകള്‍, റോട്ടറി ഇന്റര്‍നാഷണല്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.