ഇടുക്കി ഉടുമ്പൻചോലയിൽ പുതിയ ആയുർവേദ മെഡിക്കൽ കോളേജ്; 2.20 കോടി രൂപയുടെ ഭരണാനുമതി
ഇടുക്കിയുടെ ദീർഘനാളായുള്ള ആവശ്യമാണ് ആയുർവേദ മെഡിക്കൽ കോളേജ്

ഇടുക്കി: ഉടുമ്പൻചോലയിൽ പുതിയ സർക്കാർ ആയുർവേദ കോളേജ് ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനൽകിയ കമ്മ്യൂണിറ്റി ഹാളിലാണ് ആശുപത്രി പ്രവർത്തിക്കുക. ഈ കെട്ടിടത്തിൽ ആശുപത്രി സൗകര്യങ്ങളൊരുക്കുന്നതിന് 2.20 കോടി രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്.
ഫർണിച്ചറിന് 29.01 ലക്ഷം രൂപയും കംപ്യൂട്ടർ, ഓഫീസ് സ്റ്റേഷനറിയ്ക്ക് 4.09 ലക്ഷം രൂപയും ഉപകരണങ്ങൾക്കും മറ്റ് സംവിധാനങ്ങൾക്കും 64.54 ലക്ഷം രൂപയും കൺസ്യൂമബിൾസ്, കെമിക്കൽസ് എന്നിവയ്ക്ക് 22.70 ലക്ഷം രൂപയും ഉപകരണങ്ങൾക്ക് 98.29 ലക്ഷം രൂപയുമാണ് അനുവദിച്ചത്. എത്രയും വേഗം സജ്ജമാക്കി മെഡിക്കൽ കോളേജ് ആശുപത്രി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഒ.പി. വിഭാഗവും 50 കിടക്കകളോട് കൂടിയ കിടത്തി ചികിത്സയുമാണ് ലക്ഷ്യമിടുന്നത്. എട്ട് സ്‌പെഷ്യാലിറ്റി ഒ.പി. വിഭാഗങ്ങളും അതോടനുബന്ധിച്ചുള്ള റിസെപ്ഷൻ, രജിസ്‌ട്രേഷൻ, അത്യാഹിത വിഭാഗം, ഡയഗ്നോസ്റ്റിക്സ് സോൺ, ക്രിയകൽപ, ഫിസിയോതെറാപ്പി, യോഗ, ഡിസ്‌പെൻസറി എന്നീ സൗകര്യങ്ങളൊരുക്കും. ഒന്നാം ഘട്ടത്തിൽ ഒ.പി. വിഭാഗം പ്രവർത്തനം ആരംഭിക്കുന്നതിന് വേണ്ടി വരുന്ന തസ്തികകളുടെ പ്രൊപോസൽ സർക്കാരിന്റെ പരിഗണനയിലാണ്.
ഇടുക്കിയുടെ ദീർഘനാളായുള്ള ആവശ്യമാണ് ആയുർവേദ മെഡിക്കൽ കോളേജ്. ഇവിടെ ആയുർവേദ ചികിത്സയെ ആശ്രയിക്കുന്ന ധാരാളം പേർ ആശ്രയിക്കുന്നുണ്ട്. ആയുർവേദ മെഡിക്കൽ കോളേജ് സാധ്യമാകുന്നതോടെ വിവിധ സ്‌പെഷ്യാലിറ്റി ചികിത്സകൾ ഇടുക്കിയിൽ സാധ്യമാക്കാനാകും.
ഉടുമ്പൻചോലയിൽ മാട്ടുതാവളത്ത് മുൻ മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ കണ്ടെത്തിയ 20.85 ഏക്കർ വരുന്ന സ്ഥലത്താണ് മെഡിക്കൽ കോളേജ് കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. ഈ കെട്ടിടം യാഥാർഥ്യമാക്കുന്നതിന് മുന്‍പ് തന്നെ ജനങ്ങൾക്ക് സേവനം ലഭ്യമാക്കാനാണ് കമ്മ്യൂണിറ്റി ഹാളിൽ മെഡിക്കൽ കോളേജ് ആശുപത്രി ആരംഭിക്കുന്നത്.
ഇടുക്കി വികസന പാക്കേജിൽ 2022-23 സാമ്പത്തിക വർഷം അനുവദിച്ച 10 കോടി ഉപയോഗിച്ചുള്ള ആശുപത്രി ഒ.പി.ഡി. കോപ്ലക്‌സിന്റെ നിർമാണത്തിനുള്ള സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ടെൻഡർ നടപടികളിലേക്കും നിർമ്മാണത്തിലേക്കും പോകുന്നതിനായി നടപടികൾ തുടങ്ങിയിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ അനുവദിച്ച 1 കോടി രൂപ ഉപയോഗിച്ചുകൊണ്ട് 272 മീറ്റർ ചുറ്റുമതിൽ നിർമ്മിച്ചിട്ടുണ്ട്. ബാക്കി സ്ഥലത്ത് കൂടി ചുറ്റുമതിൽ കെട്ടുന്നതിനും പ്രവേശന കവാടം സ്ഥാപിക്കുന്നതിനുമായി 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ അനുവദിച്ച 1 കോടി രൂപയും ഭരണാനുമതി നൽകി സർക്കാർ ഉത്തരവായിട്ടുണ്ട്.
What's Your Reaction?






