നെടുമങ്ങാട് ബാലകൊലപാതകം: അർഷിദിന്റെ ശരീരത്തിൽ 91 മുറിവുകൾ; അമ്മയുടെ പങ്കും അന്വേഷിച്ച് പൊലീസ്

May 31, 2026 - 18:02
May 31, 2026 - 18:02
 0
നെടുമങ്ങാട് ബാലകൊലപാതകം: അർഷിദിന്റെ ശരീരത്തിൽ 91 മുറിവുകൾ; അമ്മയുടെ പങ്കും അന്വേഷിച്ച് പൊലീസ്

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിന്റെ കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ ആകെ 91 മുറിവുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റിൽ 51 മുറിവുകളാണ് ആദ്യം കണ്ടെത്തിയിരുന്നത്. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് 40 ആന്തരിക പരിക്കുകൾ കൂടി കണ്ടെത്തിയത്.

മരണത്തിന് മുമ്പ് സംഭവിച്ച പരിക്കുകളാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായ മർദനങ്ങളുടെയും ഉപദ്രവങ്ങളുടെയും ഫലമായാണ് ഈ മുറിവുകളെന്നാണ് നിഗമനം. തലയിൽ ഏറ്റ ശക്തമായ മർദനം ആന്തരിക രക്തസ്രാവത്തിനും ഗുരുതര പരിക്കുകൾക്കും കാരണമായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം, കുഞ്ഞിന്റെ അമ്മ അഖിലയ്ക്കും സംഭവത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. അഖില നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അർഷിദിനെ അഷ്കർ മർദിച്ചിരുന്നതായി അമ്മയ്ക്ക് അറിയാമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

കുഞ്ഞിന്റെ കൈ ഒടിഞ്ഞത് അപകടത്തിൽപ്പെട്ടതുകൊണ്ടല്ലെന്ന നിഗമനത്തിലാണ് പൊലീസ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പഴയ മുറിവുകളും എല്ലുകൾ ഒടിഞ്ഞതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ് അന്വേഷണ സംഘം.

What's Your Reaction?

like

dislike

love

funny

angry

sad

wow