മുസ്‌ലിം ലീഗിൽ മന്ത്രിസ്ഥാനത്തിനായി പിടിവലി; പൊതുമരാമത്ത് വകുപ്പിനായി ഷാജിയും ബഷീറും, അരീക്കോട് ഫ്ലക്സ് യുദ്ധം

May 7, 2026 - 12:49
May 7, 2026 - 12:49
 0
മുസ്‌ലിം ലീഗിൽ മന്ത്രിസ്ഥാനത്തിനായി പിടിവലി; പൊതുമരാമത്ത് വകുപ്പിനായി ഷാജിയും ബഷീറും, അരീക്കോട് ഫ്ലക്സ് യുദ്ധം

യുഡിഎഫ് അധികാരത്തിലേക്ക് എത്തിയതോടെ മുസ്‌ലിം ലീഗിൽ മന്ത്രിസ്ഥാനങ്ങളെച്ചൊല്ലിയുള്ള ചർച്ചകളും തർക്കങ്ങളും മുറുകുന്നു. പ്രധാനപ്പെട്ട വകുപ്പുകൾക്കായി പ്രമുഖ നേതാക്കൾക്കിടയിൽ വൻ മത്സരമാണ് നടക്കുന്നത്. പൊതുമരാമത്ത് വകുപ്പിനായി കെ.എം. ഷാജിയും പി.കെ. ബഷീറും അവകാശവാദം ഉന്നയിക്കുന്നതായാണ് സൂചനകൾ. ഇതിന്റെ ഭാഗമായി മലപ്പുറം അരീക്കോട് ഇരുനേതാക്കളെയും അനുകൂലിച്ച് 'നിയുക്ത മന്ത്രിക്ക് അഭിവാദ്യങ്ങൾ' നേർന്നുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.

മുൻപ് പി.കെ. കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്തിരുന്ന വ്യവസായം, ഐടി, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾ അദ്ദേഹം തന്നെ തുടരാനാണ് സാധ്യത. റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ലീഗ് കാലങ്ങളായി കൈവശം വെച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഇത്തവണ കോൺഗ്രസുമായി വെച്ചുമാറേണ്ടതില്ലെന്നാണ് പാർട്ടിയുടെ ഉറച്ച തീരുമാനം. എൻ. ഷംസുദ്ദീൻ അല്ലെങ്കിൽ ആബിദ് ഹുസൈൻ തങ്ങൾ എന്നിവരിലൊരാൾ വിദ്യാഭ്യാസ മന്ത്രിയായേക്കും. തദ്ദേശ സ്വയംഭരണ വകുപ്പിനായി പാറക്കൽ അബ്ദുള്ള, എ.കെ.എം. അഷ്റഫ് എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പാർട്ടിയും പാണക്കാട് തങ്ങളും ചേർന്നായിരിക്കും സ്വീകരിക്കുകയെന്ന് ആബിദ് ഹുസൈൻ തങ്ങൾ പ്രതികരിച്ചു. ലീഗ് കോട്ടകളിൽ നേതാക്കൾക്കായി അണികൾ നടത്തുന്ന പരസ്യമായ പ്രചാരണങ്ങൾ പാർട്ടിക്കുള്ളിൽ ചെറിയ അസ്വാരസ്യങ്ങൾക്ക് കാരണമായിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow