സംസ്ഥാനത്ത് നാല് പുതിയ ജലവൈദ്യുത പദ്ധതികൾ വരുന്നു; ഡിപിആർ ജോലികൾക്ക് തുടക്കമായി

May 7, 2026 - 12:41
May 7, 2026 - 12:42
 0
സംസ്ഥാനത്ത് നാല് പുതിയ ജലവൈദ്യുത പദ്ധതികൾ വരുന്നു; ഡിപിആർ ജോലികൾക്ക് തുടക്കമായി

കേരളത്തിന്റെ ഊർജ്ജ മേഖലയ്ക്ക് കരുത്തേകാൻ 225 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള നാല് പുതിയ ജലവൈദ്യുത പദ്ധതികൾ കൂടി വരുന്നു. പദ്ധതികളുടെ വിശദമായ രൂപരേഖ (DPR) തയാറാക്കുന്നതിന്റെ ഭാഗമായുള്ള പ്രാഥമിക പഠനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഭൂമിക്കടിയിലെ പാറയുടെ ഉറപ്പും വിള്ളലുകളും പരിശോധിക്കുന്ന ഭൗമ ഭൗതിക (Geophysical) പഠനത്തിനായി കേന്ദ്ര ഖനി മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്സിനെയാണ് (NIRM) ചുമതലപ്പെടുത്തിയിരിക്കുന്നത്. 66.13 ലക്ഷം രൂപയുടേതാണ് ഈ കരാർ.

ഇടമലയാർ വിപുലീകരണ പദ്ധതി (80 മെഗാവാട്ട്), മുതിരപ്പുഴ പമ്പ്ഡ് സ്റ്റോറേജ് പദ്ധതി (100 മെഗാവാട്ട്), മാങ്കുളം വിപുലീകരണ പദ്ധതി (40 മെഗാവാട്ട്) എന്നിവയ്ക്കൊപ്പം പള്ളിവാസൽ വിപുലീകരണത്തിന്റെ ഭാഗമായുള്ള 5 മെഗാവാട്ട് ഗ്രഹാംസ് ലാൻഡ് പദ്ധതിയുമാണ് പട്ടികയിലുള്ളത്. ഇതിൽ മുതിരപ്പുഴ പദ്ധതി പമ്പ്ഡ് സ്റ്റോറേജ് രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. വൈദ്യുതി ആവശ്യം കുറവുള്ള സമയത്ത് വെള്ളം പമ്പ് ചെയ്ത് ഡാമിലെത്തിക്കുകയും ആവശ്യം കൂടുമ്പോൾ അത് ഉപയോഗിച്ച് വൈദ്യുതി നിർമ്മിക്കുകയും ചെയ്യുന്ന ഈ രീതി ജലവൈദ്യുത മേഖലയിലെ വലിയ മാറ്റമായിരിക്കും.

25 മെഗാവാട്ടിന് മുകളിലുള്ള പദ്ധതികൾക്ക് ഇത്തരം ശാസ്ത്രീയ പഠനങ്ങൾ കെഎസ്ഇബി നിർബന്ധമാക്കിയിട്ടുണ്ട്. പള്ളിവാസലിൽ പുതിയ ഡാം സൈറ്റ് കണ്ടെത്തുന്നതിനും എൻഐആർഎമ്മിന്റെ സഹായം തേടും. മുൻപ് ചെങ്കുളം, ആനക്കയം തുടങ്ങിയ പദ്ധതികളിൽ കെഎസ്ഇബിയുമായി സഹകരിച്ച പരിചയം കൂടി കണക്കിലെടുത്താണ് സർക്കാർ സ്ഥാപനമായ എൻഐആർഎമ്മിന് തന്നെ ഈ കരാർ നൽകാൻ തീരുമാനിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow