അറബിക്കടലിൽ കപ്പൽ മുങ്ങിയിട്ട് ഒരു വർഷം; പാരിസ്ഥിതിക ഭീഷണിയിൽ അധികൃതർക്ക് ഹൈക്കോടതിയുടെ കടുത്ത വിമർശനം
കേരള തീരത്ത് അറബിക്കടലിൽ എംഎസ്സി എൽസ 3 കപ്പൽ മുങ്ങി ഒരു വർഷം പിന്നിട്ടിട്ടും അപകടകരമായ ചരക്കുകൾ മാറ്റുന്നതിലുണ്ടായ ഗുരുതരമായ കാലതാമസത്തിൽ ഹൈക്കോടതി കടുത്ത ആശങ്കയും വിമർശനവും രേഖപ്പെടുത്തി. കടലിന്റെ അടിത്തട്ടിൽ ചിതറിക്കിടക്കുന്ന കണ്ടെയ്‌നറുകൾ ഉയർത്തുന്ന വലിയ പാരിസ്ഥിതിക ഭീഷണി കോടതി ചൂണ്ടിക്കാട്ടി. സമുദ്രത്തിന്റെ ഒന്നര മൈൽ ചുറ്റളവിൽ 96 കണ്ടെയ്‌നറുകൾ ചിതറിക്കിടക്കുന്നുണ്ടെന്നും, മറ്റൊരു 475 കണ്ടെയ്‌നറുകൾ തകർന്ന കപ്പലിനുള്ളിൽ തന്നെയുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. ഇതിൽ ഏറ്റവും അപകടകരമായ കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്‌നർ കപ്പലിന് പുറത്താണ് കിടക്കുന്നത്. വരാനിരിക്കുന്ന ശക്തമായ മൺസൂൺ കാലത്തെ തിരമാലകളിൽ പെട്ട് ഈ കണ്ടെയ്‌നർ ഇളകി കരയ്ക്കടിയാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കോടതി മുന്നറിയിപ്പ് നൽകി.
അങ്ങനെയുണ്ടായാൽ സംഭവിക്കാനിടയുള്ള ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് കോടതി വ്യക്തമായ മുന്നറിയിപ്പ് നൽകി. കരയിലെത്തുന്ന ഈ കണ്ടെയ്‌നർ ആരെങ്കിലും തുറന്നു നോക്കുകയോ അതിന് കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ അത് സമുദ്ര ആവാസവ്യവസ്ഥയെ പൂർണ്ണമായി തകർക്കും. കൂടാതെ കടലിലെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ മത്സ്യങ്ങൾ വിഴുങ്ങുന്നത് വഴി സംസ്ഥാനത്തെ മത്സ്യബന്ധന മേഖല പ്രതിസന്ധിയിലാകും. ഇത് കടൽ വിഭവങ്ങളുടെ കയറ്റുമതിയെ ബാധിക്കുമെന്നും അഷ്ടമുടിയിലെ പ്രശസ്തമായ കക്ക വ്യവസായത്തെ വരെ തകർക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു. 2025 മേയ് 9-ന് ശേഷം അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി, സാങ്കേതിക സൗകര്യങ്ങളുടെ കുറവുള്ളതിനാൽ തീരദേശ സംരക്ഷണം ഉറപ്പാക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കി. മുൻപ് കരയ്ക്കടിഞ്ഞ പ്ലാസ്റ്റിക് പെല്ലെറ്റുകൾ പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്തുവെന്ന കപ്പൽ കമ്പനിയുടെ വാദവും കോടതി തള്ളി.
അതേസമയം, കോടതിയുടെ മുൻ ഉത്തരവ് പ്രകാരം കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെ കേസിൽ കക്ഷി ചേർത്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. കോടതി ഉന്നയിച്ച ആശങ്കകളും ആവശ്യങ്ങളും ചർച്ച ചെയ്യുന്നതിനായി പരിസ്ഥിതി മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് എന്നിവരുൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ഏജൻസികളുടെ സംയുക്ത യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. കോടതി നിർദ്ദേശങ്ങൾക്കനുസരിച്ച് കൃത്യമായ ഒരു സമഗ്ര കർമ്മപദ്ധതി രണ്ടാഴ്ചയ്ക്കകം സമർപ്പിക്കുമെന്നും കേന്ദ്രം അറിയിച്ചതിനെ തുടർന്ന് കേസ് വീണ്ടും അടുത്ത മാസം 14-ലേക്ക് പരിഗണിക്കാൻ മാറ്റി.
What's Your Reaction?



