പി എം ശ്രീ പദ്ധതിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി; ‘കീഴടങ്ങലാണ് ഇപ്പോഴത്തെ നിലപാട്
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ പ്രസംഗത്തിന് പിന്നാലെയാണ് പിണറായി സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്തത്.
വിദ്യാഭ്യാസ മന്ത്രി അല്ലാത്ത സമയത്ത് ഷംസുദ്ദീൻ നടത്തിയ പ്രസംഗങ്ങൾ എല്ലാവരും കേട്ടിട്ടുണ്ടെന്നും അന്ന് ശക്തമായി പ്രതികരിച്ചിരുന്ന അദ്ദേഹം ഇപ്പോൾ മനസാക്ഷിക്കുത്തോടെയാണ് സംസാരിക്കുന്നതെന്നും പിണറായി പരിഹസിച്ചു. നിലവിലെ പ്രസംഗത്തിൽ അതിന്റെ വിഷമം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നിലപാട് ലജ്ജാകരമായ കീഴടങ്ങലാണെന്നും പിണറായി ആരോപിച്ചു. അധികാരത്തിലെത്തിയാൽ പദ്ധതി ഉപേക്ഷിക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ നിലപാട് മാറ്റിയെന്നും അദ്ദേഹം വിമർശിച്ചു.
മുൻ സർക്കാർ ധാരണാപത്രം ഒപ്പിട്ടതുകൊണ്ടാണ് ഇപ്പോഴത്തെ സാഹചര്യമുണ്ടായതെന്ന മന്ത്രിയുടെ വാദത്തെയും പിണറായി തള്ളി. 2025 ഒക്ടോബറിലാണ് ധാരണാപത്രം വന്നതെന്നും ഇതുവരെ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതി നടപ്പാക്കാൻ പുതിയ സർക്കാരിന്റെ തീരുമാനമാണ് ആവശ്യമായതെന്നും രഹസ്യമായി നീക്കങ്ങൾ നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
What's Your Reaction?



