ഓമല്ലൂർ ആരാധനാലയത്തിലെ സംഘർഷം: പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു

Jun 24, 2026 - 01:02
Jun 24, 2026 - 01:04
 0
ഓമല്ലൂർ ആരാധനാലയത്തിലെ സംഘർഷം: പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു

പത്തനംതിട്ട ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ വിശ്വാസികളെ തടയുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ബിജെപി നേതാവുമായ ആതിര ജോണ്‍സണ്‍ ഉൾപ്പെടെ നാലുപേര്‍ക്കെതിരെയാണ് പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആരാധനയ്ക്ക് എത്തിയവരെ മര്‍ദ്ദിക്കുക, വിശ്വാസികളെ തലമുടിക്ക് പിടിച്ച് വലിക്കുക, അസഭ്യം പറഞ്ഞ് ആക്ഷേപിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിന്റെ കീഴിലുള്ള ‘സ്‌നേഹത്തണല്‍’ വൃദ്ധസദനത്തിൽ കൗമാരക്കാരന് നേരെ നടന്ന ക്രൂരത പുറത്തുവന്നതിന് പിന്നാലെയാണ് പ്രദേശത്ത് സംഘർഷമുണ്ടായത്. സ്ഥാപനത്തിലെ പാസ്റ്റർ ബിനുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൽ രംഗത്തെത്തുകയും പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികളെ തടയുകയുമായിരുന്നു. എന്നാൽ തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും സെൻ്റർ തുറന്നുനൽകണമെന്നും ആവശ്യപ്പെട്ട് വിശ്വാസികളും നിലയുറപ്പിച്ചതോടെ വലിയ സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

വൃദ്ധസദനത്തിൽ താമസിച്ച് വരികയായിരുന്ന അണക്കര സ്വദേശിയായ 17 കാരനാണ് സ്ഥാപന അധികൃതർക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. പഠനത്തോടൊപ്പം ജോലിയും നൽകാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് മാസമായി ഇവിടെ താമസിപ്പിച്ചിരുന്ന കുട്ടിയെക്കൊണ്ട് കഠിനമായ ജോലികൾ ചെയ്യിക്കുകയായിരുന്നു എന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ മോഷണക്കുറ്റം ആരോപിച്ച് ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മാധ്യമ വാർത്തകളെ തുടർന്ന് ഉന്നതതല ഇടപെടലുണ്ടാവുകയും കട്ടപ്പന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവിൽ കൂടുതൽ അന്വേഷണങ്ങൾക്കായി ഇലവുംതിട്ട പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow