ടെക്നോപാർക്ക് പരിസരത്ത് മൊബൈൽ മോഷണ പരമ്പര തുടരുന്നു; ദൃശ്യങ്ങൾ ലഭിച്ചിട്ടും തുമ്പ പോലീസ് നിസ്സംഗതയിലെന്ന് ആക്ഷേപം
രണ്ടാഴ്ചകൾക്ക് മുൻപ്, നവംബർ 21-നും സമാനമായ മോഷണം 'ദ വോയ്‌സ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തിരുന്നു
തിരുവനന്തപുരം: ടെക്നോപാർക്കിന് സമീപമുള്ള നിർമ്മാണ സൈറ്റുകൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ മോഷണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30 ഓടെ ടെക്നോപാർക്കിനടുത്തുള്ള ഒരു കെട്ടിട നിർമ്മാണ സൈറ്റിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ കവർന്നതായി പരാതി. തിരുവനന്തപുരം സിറ്റി പോലീസിന് കീഴിലുള്ള തുമ്പ സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മോഷ്ടാവ് മൊബൈൽ ഫോൺ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഏകദേശം ആറടിയോളം ഉയരമുള്ള, കറുത്ത ഷർട്ട് ധരിച്ച ഒരാൾ പരിസരം വീക്ഷിച്ച് പതിയെ ഫോൺ മോഷ്ടിക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
രണ്ടാഴ്ചകൾക്ക് മുൻപ്, നവംബർ 21-നും സമാനമായ മോഷണം 'ദ വോയ്‌സ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് പശ്ചിമ ബംഗാൾ സ്വദേശികളായ രസൻ മുണ്ട, ജോയ് കുമാർ ദേബ്നാഥ് എന്നീ അന്യസംസ്ഥാന തൊഴിലാളികളുടെ രണ്ട് മൊബൈൽ ഫോണുകളാണ് പട്ടാപ്പകൽ ജോലി സൈറ്റിൽ നിന്നും മോഷ്ടിക്കപ്പെട്ടത്.
നവംബർ 21-ലെ സംഭവത്തിൽ ഇരുവരും തുമ്പ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും സംഭവം നടന്ന് മൂന്നാം ദിവസമാണ് പോലീസ് പരാതി മുഖവിലയ്‌ക്കെടുക്കാൻ തയ്യാറായത്. ആദ്യ ദിവസം പരാതി സ്വീകരിച്ചതിന്റെ രസീത് പോലും പോലീസ് ഇവർക്ക് നൽകിയിരുന്നില്ല.
അന്ന് ഈ വിഷയത്തെക്കുറിച്ച് 'വോയിസ് ഓഫ് ഇന്ത്യ' തുമ്പ പോലീസുമായി ബന്ധപ്പെട്ടപ്പോൾ വിചിത്രമായ മറുപടിയാണ് ലഭിച്ചത്. പരാതി സ്വീകരിച്ച് രസീത് നൽകാനുള്ള ഓഫീസർമാർ സ്റ്റേഷനിൽ ഇല്ല എന്നായിരുന്നു പോലീസ് നൽകിയ മറുപടി.
അതേസമയം ഇക്കുറി മോഷ്ടാവിനെ വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് നിസംഗത തുടരുന്നത് മൊബൈൽ ഫോൺ നഷ്ടപ്പെട്ട തൊഴിലാളികളെ വലയ്ക്കുകയാണ്.
What's Your Reaction?

